ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന് 120 കോടി രൂപ വിദേശത്തു നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അവരുടെ ആസ്തി സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് വിശദമായി പഠിക്കും. ഇതുപയോഗിച്ചും അല്ലാതെയും പോപ്പുലര്‍ ഫ്രണ്ട് വലിയ തോതില്‍ സ്വത്തുക്കള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഇതില്‍ പലതും സംഘടനയുടെ പേരിലുമല്ല.
നിരോധനം വന്നതിനു ശേഷം ഇടുക്കിയില്‍ 20 പേരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ പൊടുന്നനെ പിന്‍വലിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവ പിഎഫ്ഐ നേതാക്കളുടെയും ചില സജീവ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകളിലായിരുന്നു. ഇതുപോലെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് പിടിച്ച പത്തു കോടി വിദേശത്തു നിന്ന് വന്നതാണ്.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നവരുടെ സ്വത്തു വിവരങ്ങളും അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുമാണ് ഇഡി പരിശോധിക്കുക. കാര്യമായ വരുമാന മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തവരുടെയും ബന്ധുക്കളുടെയും പേരില്‍ വലിയ തുകകള്‍ നിക്ഷേപമുണ്ട്. ഇത്തരം നിരവധി അക്കൗണ്ടുകള്‍ ഇഡി ബാങ്കുകളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പണക്കാരായി മാറിയ ചിലരുടെ ആസ്തികളും സംശയകരമാണ്. സ്വര്‍ണ്ണക്കടത്തു വഴി ലഭിക്കുന്ന വരുമാനവും പിഎഫ്ഐക്ക് ലഭിച്ചിട്ടുണ്ടെന്നും ഇഡിക്ക് സൂചന കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ പെട്ടെന്ന് പണക്കാരായവരില്‍ പലരും സ്വര്‍ണ്ണക്കടത്തു വഴി പണം സമ്പാദിച്ചവരാണെന്നും ഇ ഡി കണ്ടെത്തി.
അതിനിടെ ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തൊട്ടാകെ അഴിച്ചുവിട്ട അക്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കുമെന്നാണ് സൂചന. അക്രമം അഴിച്ചുവിട്ടതിന്റെ രീതി, അതിനു പിന്നില്‍ പ്രവര്ത്തിച്ചനേതാക്കള് ആരൊക്കെ അക്രമത്തിന് നിര്‍ദേശം നല്‍കിയത് ഏതൊക്കെ വാട്ടസ്ആപ്പ് ഗ്രൂപ്പുകള്‍ വഴി തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുക.
പിഎഫ്ഐയുടെ ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി എന്‍ഐഎ പൂട്ടി സീല്‍ ചെയ്തു. യുഎപിഎ പ്രകാരം ഷഹീന് ബാഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.ജെയ്ദ് അപ്പാര്‍ട്ട്മെന്റിന്റെ താഴത്തെ നില, അബു ഫസല്‍ എന്‍ക്ലേവ് ജാമിയ നഗറിലെ ഹിലാല്‍ വീടിന്റെ താഴത്തെ നില, തെഹ്രി മന്‍സില്‍ ജാമിയ എന്നിവയാണ് യുഎപിഎ സെക്ഷന്‍ 8 പ്രകാരം സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: