കൊച്ചി: സത്യത്തെ ഉറപ്പിക്കുന്നതാകണം ഗവേഷണമെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. ഭാരതത്തിന്റെ ഗവേഷണരംഗം ആരുടെ അജണ്ടകള്‍ക്ക് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തണം. ഗവേഷണരംഗത്ത് ബൗദ്ധികസത്യസന്ധത അപൂര്‍വമാകുന്ന കാലമാണിതെന്നും ഭാരതീയ ഗവേഷകരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടിത ശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമൃത മഹോത്സവം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ എറണാകുളം ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ് ഗവേഷണത്തെ നിയന്ത്രിക്കുന്നത്, ആരാണ് പണമൊഴുക്കുന്നത്, എന്താണ് ഇത്തരം ഫണ്ടിങ്ങിന്റെ ലക്ഷ്യം തുടങ്ങിയ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തിനാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കും.
ഭാരതത്തിന്റെയും ഭാരതീയ വിജ്ഞാനത്തിന്റെയും പുരാതനത്വത്തിന് വെല്ലുവിളികളില്ല. യുനസ്കോ തന്നെ ഋഗ്വേദത്തെ ഏറ്റവും പുരാതനമായ സാഹിത്യമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതനമെന്നതുപോലെ തന്നെ നമ്മുടെ ശാസ്ത്രപാരമ്പര്യം ഉജ്ജ്വലവുമാണ്. ആ മഹത്തായ ചരിത്രം ഇനിയും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടില്ല എന്നതാണ് ദുരവസ്ഥയെന്നും ആര്. സഞ്ജയന് പറഞ്ഞു. ലോകത്തിന്റെയും മാനവികതയുടെയും ക്ഷേമത്തിനായി ഇന്ത്യ സ്വയം ഉയരുമെന്നും അത് വിവേകാനന്ദ സ്വാമികളും മഹര്‍ഷി അരവിന്ദനും പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെ പറ്റിയും, 64 കലകളെ പറ്റിയും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ പ്രൊഫ. ഗൗരി മഹോല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സത്യം ശിവം സുന്ദരമെന്നതാണ് ഭാരതീയ വിജ്ഞാനത്തെ പിന്തുടരുന്നവരുടെ ആദ്യ പാഥേയമെന്ന് അവര്‍ പറഞ്ഞു. സത്യം എന്നത് ഇളക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. അതിനെ അവതരിപ്പിക്കുകയാണ് വിജ്ഞാനശാഖകള്‍ ചെയ്യുന്നത്, ഗൗരി മഹോല്‍ക്കര്‍ പറഞ്ഞു.
നാഗ്പൂരിലെ നാഷണല്‍ എന്‍വയണ്‍മെന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. രാജേഷ് ബിനിവാലെയും ഇഗ്നോ റീജണല്‍ ഡയറക്ടര്‍ ജെ.എസ്. ഡൊറോത്തി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ.കെ. ഉണ്ണികൃഷ്ണന്, ഡോ.എ.ആര്.എസ്. മേനോന് എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: