കുടമാളൂര്‍ രാധാകൃഷ്ണന്
ഗാന്ധിനഗര്‍ (കോട്ടയം): സംസ്ഥാന സര്‍ക്കാര്‍ ദി കേരള സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ച് വിജ്ഞാപനമിറക്കി. പാരാമെഡിക്കല്‍ കോഴ്സുകള്‍ കൗണ്‍സിലിന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി 2021ലെ നാഷണല്‍ കമ്മീഷന് ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കൗണ്‍സില്‍ രൂപീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫ. ഡോ. എം. അബ്ദുള്‍ നാസര്‍ ചെയര്‍മാനായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചത്. ഇതോടെ വൈദ്യശാസ്ത്രരംഗത്തെ പ്രധാന വിഭാഗമായ പാരാമെഡിക്കല്‍ കോഴ്സിന് രാജ്യവ്യാപകമായി ഏകീകൃത സ്വഭാവം കൈവരിക്കും. മെഡിക്കല്‍, നഴ്സിങ്, ഫാര്‍മസി എന്നീ കോഴ്സുകള്‍ക്കുള്ള കൗണ്‍സിലാണ് പാരാ മെഡിക്കല്‍ കൗണ്‍സിലും. പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ ഈ പുതിയ കൗണ്‍സിലിന് കീഴില്‍ വരുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യത, നിയമനം, കൂടാതെ സേവന വേതന വ്യവസ്ഥകള്‍ക്കും ഏകീകൃത സ്വഭാവം കൈവരും.
രാജ്യത്താകെ പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ച് ഏകീകരിക്കുന്നതോടെ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ പാരാമെഡിക്കല്‍ ഡിഗ്രി, പിജി കോഴ്സുകള്‍ നിലവില്‍ വരും. വിദേശത്ത് ഏറ്റവും അധികം തൊഴില്‍ സാധ്യതയുള്ള റേഡിയോളജി ഇമേജിങ്, റേഡിയോ തെറാപ്പി, കോഴ്സുകള്‍ സര്‍ക്കാര്‍ മേഖലകളില്‍ പിജി കോഴ്സുകള്‍ നടത്തുന്നുണ്ടെങ്കിലും പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കൗണ്‍സില്‍ വരുന്നതോടെ ഇതിനും പരിഹാരമാകും.
യോഗ്യതകളിലെ വ്യത്യസ്തത മൂലം വിദേശ ജോലി തടസ്സപ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് വളരെയേറെ പ്രതീക്ഷയേകുന്നതാണ് പുതിയ രൂപീകരണമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോ ഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ് സംസ്ഥാന സെക്രട്ടറി രാജേഷ് കെ. മുരളി പറഞ്ഞു.
ദേശീയതലത്തില്‍ നിയമരൂപീകരണത്തിന് സംഘടനയുടെ ദേശീയ സെക്രട്ടറിയും മലയാളിയുമായ സുരേഷ് മലയത്തില്‍ കേന്ദ്ര മന്ത്രാലയത്തിന് നല്കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നും രാജേഷ് കെ. മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: