കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെയാകും ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുക. ഇവിടെ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം രാത്രിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷം മൃതദേഹം കോടിയേരിയിലെ വീട്ടിലെത്തിക്കും.
നിലവില്‍ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നിന്നും രാത്രി 12 മണിയോടെ എംബാം നടപടികള്‍ക്കായി മൃതദേഹം ഇവിടേക്ക് മാറ്റുകയായിരുന്നു. രാവിലെ 10 മണിയോടെയാകും ചെന്നൈ വിമാനത്താവളത്തില്‍ നിന്നും മൃതദേഹവുമായുള്ള എയര്‍ ആംബുലന്‍സ് പുറപ്പെടുക. മൃതദേഹത്തോടൊപ്പം ഭാര്യയും മക്കളും അനുഗമിക്കും.
നാളെ രാവിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇവിടെ നിന്നും ഉച്ചയോടെ പൊതുദര്‍ശനത്തിനായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ്ക്കും. ഇവിടുത്തെ പൊതുദര്‍ശനം പൂര്‍ത്തിയായ ശേഷം വൈകീട്ട് മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരി അന്തരിച്ചത്.
ഒരു മാസം മുമ്പാണ് കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവഗുരുതരമായി വെന്റിലേറ്ററിലായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: