ന്യൂയോര്‍ക്ക്: റഷ്യയെ അപലപിക്കുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നീക്കത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. ഉക്രൈന് പ്രദേശങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നീക്കത്തെ അപലപിക്കുന്ന കരട് പ്രമേയത്തില്‍ നിന്നാണ് ഇന്ത്യ വിട്ടുനിന്നു. സംഭാഷണത്തിലൂടെയല്ലാതെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വിഷയത്തില്‍ പ്രതികരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.
അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം സംഭാഷണമാണ്. സമാധാനത്തിലേക്കുള്ള പാതയില്‍ നയതന്ത്രത്തിന്റെ എല്ലാ വഴികളും തുറന്നിടണം. വെല്ലുവിളികളും സമ്മര്‍ദങ്ങളും വര്‍ധിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ സംസാരിക്കണം. അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന കൃത്യമായ ധാരണയില്‍ സാഹചര്യത്തിന്റെ സമഗ്രത കണക്കിലെടുത്ത്, പ്രമേയത്തില്‍ വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നു, രുചിര പറഞ്ഞു..
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉക്രൈന് അധിപന്മാരടക്കം ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര പൊതുസഭയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇക്കാര്യം ആവര്‍ത്തിച്ചതാണ്., രുചിര ചൂണ്ടിക്കാട്ടി.
ഉക്രൈന് അതിര്‍ത്തിക്കുള്ളില്‍ അധികാരം സ്ഥാപിച്ച റഷ്യന്‍ നിലപാടിനെതിരെ അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് കരട് പ്രമേയം കൊണ്ടുവന്നത്. സപ്തംബര്‍ 23 മുതല്‍ 27 വരെ ഉക്രൈനിലെ ലുഹാന്‍സ്ക്, ഡൊനെറ്റ്സ്ക്, കെര്‍സണ്‍, സപോരിഷ്യ പ്രദേശങ്ങളില്‍ റഷ്യ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നും പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത നടപടി സാധുതയില്ലാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
റഷ്യ വീറ്റോ ചെയ്തതിനാല്‍ പ്രമേയം പാസാക്കാനായില്ല. 15 രാജ്യങ്ങളടങ്ങിയ കൗണ്‍സിലില്‍ 10 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ചൈന, ഗാബോണ്‍, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഡൊനെറ്റ്സ്ക്, ലുഹാന്‍സ്ക്, കെര്‍സണ്‍, സപോരിഷ്യ എന്നീ ഉക്രേനിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വെള്ളിയാഴ്ചയാണ് ലോകത്തോട് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: