തൃശൂര്‍: വ്രജമണ്ഡലത്തില്‍ പരമപ്രധാന്യമുള്ള ശ്രീരാധാ കുണ്ഡില്‍ രാധാസമേതനായുള്ള ശ്രീ ഗുരുവായൂരപ്പന്റെ കമനീയ ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചിരിയ്ക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടും,ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറായ ടി.എസ് .രാമകൃഷ്ണനും രക്ഷാധികാരികളായുള്ള ശ്രീ ശ്രീ രാധാഗുരുവായൂരപ്പന്‍ ക്ഷേത്ര ട്രസ്റ്റാണ് ഈ ക്ഷേത്രം നിര്‍മിയ്ക്കുന്നത്.
പ്രമുഖ വാസ്തുശാസ്ത്ര വിശാരദന് ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന് നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്.ഗോവര്‍ദ്ധന പരിക്രമ മാര്‍ഗത്തിനു സമീപം ശ്രീ രാധാകുണ്ഡ് ഗ്രാമത്തില്‍, പ്രകൃതി രമണീയമായ പ്രദേശത്ത് 1.50 ഏക്കറിലധികം വിസ്താരമുള്ള ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം.രാധാസമേതനായുള്ള ഗുരുവായൂരപ്പനാണ് ക്ഷേത്രനാഥന്. ഉപദേവതകളായി അഷ്ട സഖിമാര്‍, നരസിംഹസ്വാമി, ഗണപതി എന്നിവരുമുണ്ടാകും.
ശ്രീകോവില്‍, നമസ്ക്കാര മണ്ഡപം, സുവര്ണദ്ധ്വജം, ആനക്കൊട്ടില്‍, നാരായണീയ മണ്ഡപം,ഗോശാലാ, ഊട്ടുപുര, ആദ്ധ്യാത്മിക ഹാള്‍, തീര്‍ത്ഥാടകര്‍ക്ക് താമസിയ്ക്കുന്നതിനുള്ള മുറികള്‍, ഗുരുവായൂരപ്പന് ആറാട്ടിനുള്ള താമരക്കുളം, മനോഹരമായ ഉദ്യാനം എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ, ശില്പഭംഗിയും, ചിത്ര ഭംഗിയുമാര്‍ന്ന ക്ഷേത്ര നിര്‍മാണത്തിന് 100 കോടിയില്‍ പരം രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്നു.
ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചു കൊണ്ടുള്ള ആചാര്യ വരണമെന്ന ചടങ്ങ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരില്‍ തന്ത്രിമഠത്തില്‍ വച്ച് നടന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി, ആരാദ്ധ്യനായ ബ്രഹ്മശ്രീ പുഴക്കര ചേന്നാസ്മന ദിനേശന് നമ്പൂതിരിപ്പാടിനെ ആചാര്യനായി വരിച്ചുകൊണ്ടുള്ള പ്രസ്തുത ദിവ്യകര്മത്തില് ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കല്ലൂര്‍ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട്, ശ്രീ ശ്രീ രാധാ ഗുരുവായൂരപ്പന് ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് ശ്രീകൃഷ്ണദാസ്,
ശ്രീ ടി.എസ്.രാമകൃഷ്ണന്, കൊടുങ്ങല്ലൂര്‍ ദേവസ്വം മേല്‍ശാന്തി ബ്രഹ്മശ്രീ ത്രിവിക്രമ അടികള്‍, പ്രമുഖ ഭാഗവത സപ്താഹ ‘ ആചാര്യ ഗുരുവായൂര്‍ രാധാ അന്തര്‍ജനം, ഡോ: ഗ്രീഷ്മാ, രമ്യാ, പ്രണവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: