പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വരൂപമായ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1993 ലാണെന്നാണ് ഔദ്യോഗിക ഭാഷ്യം. അയോധ്യയിലെ തര്‍ക്കമന്ദിരം 1992 ഡിസംബര്‍ ആറിലെ കര്‍സേവയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ചില്ലറ കലാപങ്ങള്‍ നടന്നു. പ്രബല രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്ലിംലീഗിന് കൂടി പങ്കാളിത്തമുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന് കീഴിലാണ് അത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ പോലീസിന്റെയും രഹസ്യാന്വേഷണവിഭാഗത്തിന്റെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് അവയൊക്കെയും വളരെ വേഗം അടിച്ചമര്‍ത്തപ്പെട്ടു. ഇത് മുസ്ലിങ്ങളില്‍ തീവ്രമായി ചിന്തിക്കുന്ന ചെറിയൊരുവിഭാഗത്തില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയെന്നും അത്തരക്കാര്‍ ചേര്‍ന്ന് 1993 ഓടെ എന്‍ഡിഎഫിന് രൂപം നല്‍കിയെന്നുമാണ് പരക്കെ അറിയപ്പെടുന്നത്.
എന്നാല്‍ വാസ്തവം ഇതല്ല. എന്‍ഡിഎഫ് 1980കളുടെ അവസാനത്തില്‍ തന്നെ മലബാര്‍ കേന്ദ്രമാക്കി പ്രത്യേകിച്ചും കോഴിക്കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് അവിടെ തുടര്‍ന്നിരുന്ന രാഷ്ട്രീയസാമുദായിക കലാപങ്ങളും കൊലപാതകങ്ങളുമാണ് എന്‍ഡിഎഫിന്റെ രൂപീകരണത്തിലേക്ക് വഴിവച്ചത്. ഈ കലാപങ്ങളിലും കൊള്ളിവയ്പ്പുകളിലും ഒരുവശത്ത് സിപിഎമ്മും മറുവശത്ത് മുസ്ലിംലീഗുമായിരുന്നു. അവയ്ക്കൊക്കെയും ചരിത്രപരവും സാമുദായികവും മതപരവുമായ പശ്ചാത്തലമുണ്ടായിരുന്നു. 1971 ഡിസംബര്‍ 28ന് തലശ്ശേരിയില്‍ ആരംഭിച്ച കലാപം ഒരാഴ്ച നീണ്ടു. ഈ കലാപം പ്രധാനമായും സിപിഎമ്മും മുസ്ലിംലീഗും തമ്മിലായിരുന്നു. പക്ഷേ നുണപ്രചാരണത്തില്‍ ഗീബല്‍സിനെ പോലും കവച്ചുവയ്ക്കുന്ന സിപിഎം അതിനെ ഹിന്ദുമുസ്ലിം കലാപമാക്കി മാറ്റി. അണിയറയില്‍ പ്രവര്‍ത്തിച്ച കുറ്റം പതിവുപോലെ ആര്‍എസ്എസിന്റെ തലയ്ക്കുവച്ചു. എന്നാല്‍ തലശ്ശേരി താലൂക്കിലും സമീപതാലൂക്കുകളിലും ജീവിക്കുന്നവര്‍ക്കും പ്രദേശവാസികളായ മുസ്ലിങ്ങള്‍ക്കും ആരാണ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു.
കലാപത്തിന് വഴിമരുന്നിട്ടത് സാമ്പത്തിക അസമത്വമോ… ?
1970 കളുടെ അവസാനത്തോടെ മലബാറിന്റെ പല മേഖലകളില്‍ നിന്നും തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോയിത്തുടങ്ങി. ആദ്യകാലത്ത് മുസ്ലിം ചെറുപ്പക്കാരാണ് കൂടുതലായും ഗള്‍ഫിലേക്ക് കെട്ടിടനിര്‍മാണം തുടങ്ങി അനുബന്ധജോലികളില്‍ പ്രവേശിച്ചത്. നെല്‍കൃഷി പൂര്‍ണമായും തകര്‍ന്ന്് കക്ഷിരാഷ്ട്രീയത്തിന്റെയും തൊഴിലാളി സംഘടനകളുടെയും മര്‍ക്കടമുഷ്ടിക്കിയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന് വ്യവസായങ്ങളുടെ ശവപ്പറമ്പായി തീര്‍ന്ന കേരളം അക്കാലത്ത് രൂക്ഷമായ തൊഴില്‍ക്ഷാമം നേരിടുകയായിരുന്നു. മരുഭൂമിയില്‍ ഒരിറ്റു ദാഹജലം ലഭിച്ചപോലെയാണ് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ 1980 കളുടെ മധ്യത്തോടെ ഗള്‍ഫിലെ ജോലി എന്ന സ്വപ്നം പുഷ്ടിപ്പെട്ടത്. ഗള്‍ഫ് പണത്തിന്റെ വരവ് കേരളത്തെ അടിമുടി മാറ്റിമറിച്ചു. മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി മലയാളി സമ്പാദിക്കുന്ന പണം നാട്ടില്‍ ചെറിയതോതിലെങ്കിലും വികസനക്കുതിപ്പിന് കാരണമായി. ശരാശരി കേരളീയന്റെ ജീവിതത്തിലെ സമസ്തമേഖലകളെയും ഗള്‍ഫ് സ്വാധീനിച്ചു. ഇതിന്റെ ഏറ്റവും പ്രകടമായ മാറ്റമുണ്ടായത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. മുസ്ലിം ചെറുപ്പക്കാര്‍ കൂട്ടത്തോടെ ഗള്‍ഫില്‍ ജോലിക്കായി ചേക്കേറി. അതോടെ അവരുടെ കുടുംബങ്ങളും സാമ്പത്തികമായി മെച്ചപ്പെട്ടു.
കോഴിക്കോടു ജില്ലയുടെ വടക്കുള്ള വടകര താലൂക്കിലെ നാദാപുരം, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളും ഇക്കൂട്ടത്തില്‍പെടും. ഇവിടങ്ങളിലെ മുസ്ലിങ്ങള്‍ വളരെ പെട്ടെന്ന് സമ്പന്നരായി. ഇവിടങ്ങളിലെ ഹിന്ദുക്കളാകട്ടെ ആദ്യകാലത്ത് ഗള്‍ഫിലെ ജോലി സ്വീകരിക്കാന്‍ ചെറിയൊരു വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. സ്വാഭാവികമായും അവര്‍ സാമ്പത്തികമായി പിന്തള്ളപ്പെട്ടു. ഹിന്ദുക്കളില്‍ തന്നെ തീയ്യ സമുദായത്തില്‍പ്പെട്ടവരാണ് ഈ പ്രദേശങ്ങളില്‍ കൂടുതലായും പാര്‍ത്തിരുന്നത്. ഇവിടങ്ങളിലെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സാമ്പത്തിക അസമത്വം ചെറിയ കലഹങ്ങള്‍ക്ക് കാരണമായി. അത് വളരെ വേഗം ആളിപ്പടര്‍ന്നു. ചെറിയ വഴക്കുകളും സംഘര്‍ഷങ്ങളും വൈകാതെ കൊലയിലും കൊള്ളിവയ്പ്പിലും ചെന്നെത്തി. മുസ്ലിങ്ങള്‍ കൂടുതലും മുസ്ലിംലീഗ് എന്ന രാഷ്ട്രീപ്പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നു. തീയ്യരായ ഹിന്ദുക്കളാകട്ടെ സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഭാഗമായിരുന്നു. നാദാപുരം, പേരാമ്പ്ര, കുറ്റിയാടി എന്നിവിടങ്ങളിലെ സംഘര്‍ഷം സ്വാഭാവികമായും മുസ്ലിം ലീഗ്കമ്മ്യൂണിസ്റ്റു സംഘര്‍ഷങ്ങളായി രാഷ്ട്രീയമാനം കൈവരിച്ചു.
1987ല്‍ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ കോഴിക്കോടിന്റെ വടക്കും കണ്ണൂരിന്റെ തെക്കന്‍പ്രദേശങ്ങളായ തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളും നിരവധി മതസാമുദായികരാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ക്രമസമാധാനത്തകര്‍ച്ച നിയമസഭയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. ഭരണസ്വാധീനം ഉപയോഗിച്ച് ഇടതുമുന്നണി കേസുകളുടെ അന്വേഷണം അട്ടിമറിച്ചു. പ്രതിപക്ഷത്തായിരുന്ന മുസ്ലിംലീഗിന് വലിയ തിരിച്ചടിയുണ്ടായി. അണികളില്‍ പലരുടെയും തല മാര്‍ക്സിസ്റ്റുകാര്‍ നെല്ലുകൊയ്യും പോലെ കൊയ്തെടുത്തു.
തെങ്ങിന്റെ മണ്ട ചെത്തുന്നതു പോലെ മനുഷ്യന്റെ മണ്ട ചെത്തരുതെന്ന് അക്കാലത്ത് ലീഗ് നേതാവായ സി.എച്ച്. മുഹമ്മദ് കോയ നിയമസഭയില്‍ പ്രസംഗിക്കുകയുണ്ടായി. രൂക്ഷമായ രക്തച്ചൊരിച്ചിലാണ് അന്ന് മലബാറിലുണ്ടായത്. ചെറിയ സംഭവങ്ങള്‍ പോലും വലിയ സംഘര്‍ഷങ്ങളിലെത്തി. പക്ഷേ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കൈയൂക്കും അച്ചടക്കമുള്ള സംഘടിതശക്തിയും നേരിടാന്‍ മുസ്ലിംലീഗിനായില്ല. അവര്‍ പലേടത്തും പലപ്പോഴും പരാജയപ്പെട്ടു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആക്രമണവും കൊള്ളയും കൊള്ളിവയ്പ്പും തടയാന്‍ ലീഗിലെ പ്രമുഖ വിഭാഗമായ സുന്നികള്‍ തീരുമാനിച്ചു. 1990കളുടെ തുടക്കത്തില്‍ ഗള്‍ഫ് പണത്തിന്റെ തണലില്‍ ലീഗിലെ തന്നെ ചെറിയൊരു വിഭാഗം സംഘടിച്ച് നാദാപുരം ഡിഫന്‍സ് ഫോഴ്സ് (എന്‍ഡിഎഫ്) എന്നൊരു സംഘടനയ്ക്ക് രൂപം നല്കി. അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കായികശേഷിയുള്ള ചെറുപ്പക്കാരെ ആയുധപരിശീലനം നല്കി തിരിച്ചടിക്കാന്‍ പ്രാപ്തരാക്കി.
പുറമെ അക്രമം തള്ളിപ്പറഞ്ഞെങ്കിലും ആളും അര്‍ഥവും നല്കി മുസ്ലിംലീഗ് പിന്നില്‍ നിന്നു. ചെറുപ്പക്കാരായ നിരവധി മാര്‍ക്സിസ്റ്റുകാര്‍ എന്‍ഡിഎഫിന്റെ കൊലക്കത്തിക്ക് ഇരയായി. ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മതത്തിന്റെ മേലങ്കി ചാര്‍ത്തിയതോടെ കൊല്ലപ്പെട്ട തീയ്യര്‍ കൊല്ലപ്പെടേണ്ടവരാണെന്ന ന്യായീകരണം പരന്നു. പലേടത്തും തിരിച്ചടി കിട്ടിത്തുടങ്ങിയതോടെ മാര്‍ക്സിസ്റ്റുകാരും ഒതുങ്ങി. അക്കാലത്ത് നാദാപുരം, പേരാമ്പ്ര, കുറ്റിയാടി, വളപട്ടണം, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി കളരികള്‍, കരാട്ടെ പരിശീലനകേന്ദ്രങ്ങള്‍ എന്നിവ കൂണുപോലെ മുളച്ചുപൊന്തിയിരുന്നു.
1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തറപറ്റിച്ച് ഐക്യജനാധിപത്യമുന്നണി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറി. മുസ്ലിംലീഗിന് ഗണ്യമായ സ്വാധീനമുണ്ടായിരുന്ന വലതുഭരണത്തിലാണ് എന്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടത്. അങ്ങനെ മലബാറിന്റെ വടക്കന്‍ ജില്ലകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന എന്‍ഡിഎഫ് പതുക്കെ മറ്റുജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1992ലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച എന്‍ഡിഎഫ് പരമാവധി മുതലെടുക്കാന്‍ ആരംഭിച്ചു. ഇരവാദം പ്രചരിപ്പിച്ച് കേരളത്തില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന ധാരണ പരത്തി. ജനാധിപത്യത്തില്‍ വോട്ടുബാങ്കിനുള്ള ശക്തി മുമ്പേ തിരിച്ചറിഞ്ഞിരുന്ന മുസ്ലിം സമുദായം രഹസ്യമായെങ്കിലും എന്‍ഡിഎഫിനെ പ്രോത്സാഹിപ്പിച്ചു. സുന്നി വിഭാഗത്തിലെ മതപണ്ഡിതന്മാരും പുരോഹിതന്മാരും ഒളിഞ്ഞും തെളിഞ്ഞും ഈ പ്രോത്സാഹനത്തിന് വെള്ളവും വളവും നല്കി. അങ്ങനെ നാദാപുരം ഡിഫന്‍സ് ഫോഴ്സ് പതുക്കെ സമുദായത്തിനുള്ളില്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്സും പുറമെ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ടും ആയിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: