മഹാനഗരമായ കൊച്ചിയിലെ തുടര്‍ക്കൊലപാതകങ്ങള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിമാനിക്കുന്ന മെട്രോ നഗരത്തില്‍ മരണഗന്ധം നിറയുന്നു. ഒരു മാസത്തിനിടെ ഒന്നിനു പിറകെ ഒന്നായി ഏഴ് കൊലപാതകങ്ങളാണ് എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്നത്. എല്ലാ സംഭവങ്ങളിലും അക്രമികളും ഇരകളും യുവാക്കളാണ്. ജീവിതം തുടങ്ങിയിട്ടില്ലാത്തവര്‍. മകന്, സഹോദരന്, ഭര്‍ത്താവ് എന്നിങ്ങനെ ഏതെങ്കിലുമൊക്കെ കുടുംബത്തിന്റെ അത്താണിയായവര്‍. ഒറ്റ ദിവസത്തെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനപ്പുറം ഇത്തരം കൊലപാതകങ്ങളുടെ കാര്യകാരണങ്ങള്‍ തെരയാനോ അവ ആവര്‍ത്തിക്കുന്നത് തടയാനോ ഫലപ്രദമായ യാതൊരു ശ്രമവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. അക്രമസംഭവങ്ങളില്‍ ആരെങ്കിലും മരിച്ചെന്ന വിവരം ലഭിച്ചാല്‍ അവിടെയെത്തുകയും, പതിവു നടപടികള്‍ സ്വീകരിക്കുന്നതുമല്ലാതെ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. കംഫര്‍ട്ട് സോണി ല്‍നിന്നുകൊണ്ടുള്ള ഇടപെടലുകള്‍ മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. കേസ് അതിന്റേതായ വഴിക്കുപോകും. കുറ്റവാളികള്‍ പ്രതികളാവാതിരിക്കാം, ശിക്ഷിക്കപ്പെടാതിരിക്കാം. ഇവയൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമായി പോലീസിന് തോന്നുന്നില്ല. മൃഗീയമായ കൊലപാതകങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന അപകടകരമായ സമീപനം രൂപപ്പെട്ടിരിക്കുന്നു.
കേവലമായ വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലുമ്പോള്‍ ഈ കൊലപാതകങ്ങള്‍ വെറുതെ സംഭവിക്കുകയില്ലെന്നു മനസ്സിലാക്കാനാവും. ലഹരിയുടെ ഉപയോഗവും അത് യുവാക്കളുടെ മനസ്സിലുണ്ടാക്കിയിരിക്കുന്ന മാറ്റവും ഇത്തരം കൊലപാതകങ്ങള്‍ക്കിടയാക്കുന്ന പ്രധാന ഘടകമാണ്. ലഹരിക്കടത്തിന്റെയും അത് ഉപയോഗിക്കുന്നതിന്റെയും കാര്യത്തില്‍ കൊച്ചി മഹാനഗരം മത്സരിക്കുന്നത് ലോകത്തെ മറ്റ് പല നഗരങ്ങളുമായാണ്. അത്രയധികം ലഹരിവസ്തുക്കളാണ് അനുദിനമെന്നോണം മഹാനഗരത്തിലെത്തിക്കൊണ്ടിരിക്കുന്നത്. ശതകോടികള്‍ വിലമതിക്കുന്ന ഇടപാടുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കടത്തിക്കൊണ്ടുവരുന്നതിന്റെ ചെറിയൊരംശം മാത്രമേ പിടികൂടുന്നുള്ളൂ. വലിയൊരു വിഭാഗം യുവതീയുവാക്കള്‍ ഇതിന്റെ ഇടപാടു കാരാണ്. കാര്യമായി അധ്വാനിക്കാതെ കൈനിറയെ പണം ലഭിക്കുമെന്നതിനാല്‍ പ്രത്യാഘാതങ്ങള്‍ ഭയക്കാതെ കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍നിന്ന് ലഹരിയില്‍ ആകൃഷ്ടരായി യുവതീയുവാക്കള്‍ കൊച്ചിയിലെത്തുന്നുണ്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ലഹരി ഉപഭോഗത്തിന്റെ ഒരു ഹബ്ബായി കൊച്ചി നഗരം പ്രവര്‍ത്തിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. മലയാള സിനിമയുടെ ‘കൊച്ചി ബെല്‍റ്റ്’ അറിയപ്പെടുന്നത് മയക്കുമരുന്നിന്റെ പറുദീസയായാണ്. സിനിമയുമായി ബന്ധപ്പെട്ട പലരും ഇതിന്റെ ഇടപാടുകാരും ഉപഭോക്താക്കളുമാണ്. എന്തിനേറെ, ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ തിരക്കഥകളെഴുതാന്‍പോലും പണം ലഭിക്കുന്നു. സമീപകാലത്ത് ഇറങ്ങിയ ചില ചിത്രങ്ങളില്‍ ഇതിന്റെ പ്രതിഫലനം കാണാം.
അടുത്തിടെ കൊച്ചിയില്‍ നടന്ന യുവാക്കളുടെ ഏതാണ്ടെല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്‍ ലഹരി ഇടപാടുകളും അതുസംബന്ധിച്ച തര്‍ക്കങ്ങളുമാണെന്ന് വ്യക്തമായിട്ടുണ്ട്. മനസ്സ് ലഹരിയില്‍ മുങ്ങുന്നതോടെ സാധാരണഗതിയില്‍ അവഗണിക്കാനും ക്ഷമിക്കാനും കഴിയുന്ന നിസ്സാര കാര്യങ്ങള്‍പോലും അക്രമങ്ങളില്‍ കലാശിക്കുന്നു. സ്നേഹവും സൗഹൃദവും അന്യമാവുന്നതാണ് ഇതിനു കാരണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ വ്യക്തികള്‍ക്കിടയില്‍ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വന്മതിലുകള് കെട്ടിപ്പൊക്കുകയാണ്. ചെറിയ പിണക്കങ്ങളോ പരിഭവങ്ങളോ മതി പക ഉടലെടുക്കാനും അക്രമത്തിനു വഴിമാറാനും. വര്‍ഷങ്ങളുടെ സൗഹൃദമുണ്ടായിരുന്ന തങ്ങളിലൊരുവനെ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. അത്യന്തം ലാഘവബുദ്ധിയോടെയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്നത്. കൊല നടത്തിയാല്‍പ്പോരാ അത് മൃഗീയമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയും ഉള്ളതുപോലെ തോന്നുന്നു. പല കൊലപാതകങ്ങളും അതുസംബന്ധിച്ച വാര്‍ത്തകള്‍ വായിക്കാന്‍പോലും കഴിയാത്തവിധം പൈശാചികമാണ്. യുവതീയുവാക്കളുടെ സാമൂഹ്യബോധത്തില്‍ വന്നിരിക്കുന്ന ഗുരുതരമായ മാറ്റം പഠനവിധേയമാക്കണം. ലോകത്തിന്റെ ഏതു കോണുകളില്‍ നടക്കുന്ന കൊലപാതകങ്ങളും അതിന്റെ എല്ലാ വിശദാംശങ്ങളോടെയും കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്. അക്രമവാസനയുള്ളവരുടെ അറപ്പും വെറുപ്പും ഇത് ഇല്ലാതാക്കിയിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ വേണമെന്ന് ആലോചന നടക്കണം. അതിനനുസരിച്ചുള്ള നടപടികളുമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: