തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്ക്. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് പണിമുടക്കുന്നത്. ഒക്ടോബർ ഒന്ന് മുതലാണ് സിംഗിൾ ഡ്യൂട്ടി പ്രാബല്യത്തിൽ വരുന്നത്. വിഷയത്തിൽ മാനേജ്മെന്റുമായി രണ്ടുതവണ ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ടിഡിഎഫ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.
പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജുവും രംഗത്തെത്തി. ഇത് രാഷ്ട്രീയ പ്രേരിതമാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ലെന്ന് മന്ത്രി വ്യക്തമാക്കി. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും..ഈ വ്യവസായത്തെ തകർക്കാൻ INTUC ശ്രമിക്കുകയാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.
8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. യൂണിയൻ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണെന്നും ആൻ്റണി രാജു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: