വടകര: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എസ്ഡിപിഐ ഓഫീസുകളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ നീക്കം ചെയ്യുന്നത് വ്യാപകം. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ഓഫീസുകളിൽ നിന്ന് വിവിധ രേഖകളാണ് തീവ്രവാദികൾ കഴിഞ്ഞ ദിവസം വ്യാപകമായി നീക്കം ചെയ്തത്. ആയഞ്ചേരി എസ്ഡിപിഐ ഓഫീസിൽ മാത്രമായി കെട്ടുകണക്കിന് ഫയലുകളും മറ്റ് രേഖകളുമാണ് മാറ്റിയത്. കഴിഞ്ഞ കാലങ്ങളിൽ വിവിധ യോഗങ്ങളുടെ മിനിറ്റ്സ് പുസ്തകങ്ങളും ഇതിൽപ്പെടും.
സംഘടനയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള രേഖകൾ അന്വേഷണ ഏജൻസികളുടെ കൈകളിൽ അകപ്പെടാതിരിക്കാനുള്ള മുൻ കരുതലായാണ് ഓഫീസുകളിലെ കടലാസുകൾ മാറ്റുന്നതെന്നാണ് വിവരം. പലയിടങ്ങളിലെയും ഓഫീസുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തുമാറ്റിയ നിലയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് സംഘടന നൽകിയ കണക്കിൽ വൻ കൃത്രിമം നടത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. കോടികളുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്നാണ് യാഥാർത്ഥ്യമെങ്കിലും കാൽ ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് കമ്മിഷന് ഹാജരാക്കിയതെന്നാണ് പറയപ്പെടുന്നത്.
നടപടിക്ക് സാധ്യതയുണ്ടെന്ന ഭയത്തിലാണ് ഓഫീസുകളിലെ രേഖകളും വ്യാപകമായി മാറ്റുന്നത്. എന്നാൽ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം എസ്ഡിപിഐ ഓഫീസുകളിലെ ഫയൽ നീക്കത്തെ ഗൗരവമായി കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ നിരോധിത സംഘടനകളുടെ ചുമരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും വടകരയിൽ സജീവമാണ്. കൊടികളും തോരണങ്ങളും സോഷ്യൽ മീഡിയയിലെ സാന്നിധ്യം സംബന്ധിച്ച് പോലും അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
ഇക്കഴിഞ്ഞ പതിനേഴിന് നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചുമരെഴുത്തുകളും ഉൾപ്പടെ വടകര നഗരത്തിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും നിലനിൽക്കുകയാണ്. അതേ സമയം വിഷയം ദേശീയ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: