തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നിരോധനം കൊണ്ട് കാര്യമില്ലെന്നാണ്. നിരോധനം ആവശ്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിമാരുടെ നിലപാട് തന്നെയാണോ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണം. വിഎസ് അച്ച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിനും ഇതേ നിലപാടാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിഡി സതീശനും രമേശ് ചെന്നിത്തലയും പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഇതുവരെ പറഞ്ഞ ന്യായീകരണങ്ങളാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനാണ് ഞങ്ങള്‍ രൂപം കൊണ്ടതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാട് തന്നെയാണ് കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനാണോ സിറിയയില്‍ ഐഎസ് രൂപം കൊണ്ടത്. അഫ്ഗാനില്‍ അല്‍ഖ്വയിദ ഉണ്ടായത് ആര്‍എസ്എസ് ഉള്ളതുകൊണ്ടാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ സംഘടനകള്‍ രൂപീകരിച്ചതും ആക്രമണങ്ങള്‍ നടത്തിയതും ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനാണോയെന്നും പികെ കൃഷ്ണദാസ് ചോദിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ശക്തമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലാണ് മതഭീകരവാദ ശക്തികളുടെ പ്രവര്‍ത്തനം ഏറ്റവും ശക്തമായി നടക്കുന്നത്. മാനവ സമൂഹത്തിനെതിരായ മതഭീകര്‍ക്ക് മതവുമില്ല മനുഷ്യത്വവുമില്ല. സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തിന് ഉത്തരവാദികള്‍ മതഭീകരതയ്ക്ക് വെള്ളവും വളവും നല്കിയ ഇടത്വലത് നേതാക്കള്‍ തന്നെയാണ്. നിരോധനത്തിലൂടെ ഭീകരവാദ സംഘടനയുടെ അടിവേരറുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നിരോധനം എസ്ഡിപിഐക്കും ബാധകമാവുമെന്ന് തന്നെയാണ് കരുതുന്നത്. ഐഎന്‍എല്ലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിക്ക് നിരോധിച്ച സംഘടനയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ചെയ്യുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെ തലപ്പത്ത് ഇരിക്കുന്നത് ഐഎന്‍എല്‍ ദേശീയ അദ്ധ്യക്ഷനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കള്ളപ്പണവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും ഉപയോഗിക്കുന്നത് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റിന്റെ അറിവോടെയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: