Categories: Article

മറക്കരുത് നാദാപുരം കലാപവും നായനാരുടെ കൂട്ടുകെട്ടും

പള്ളികള്‍ പിടിച്ചെടുക്കുന്നതിനായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രൂപം കൊടുത്ത സുന്നി ടൈഗര്‍ഫോഴ്‌സില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ഉസ്മാന്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘവും സിമിയുടെ പ്രവര്‍ത്തകരും എന്‍ഡിഎഫും എല്ലാം അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘില്‍(ഐഎസ്എസ്) ലയിച്ചു. ഐഎസ്എസ് പിന്നെ പിഡിപി(പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) ആയി മാറി. വോട്ട് ബാങ്കായി. ഇതോടെ മദനിയും തീവ്രവാദ സംഘടനയും സിപിഎമ്മിന്റെ സഹോദരസംഘടനയുമായി.

ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ രൂപംകൊണ്ടതാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് ഘോര പ്രസംഗം നടത്തുന്നവരാണല്ലോ സിപിഎമ്മുകാര്‍. എന്നാല്‍ സിപിഎമ്മിന്റെ അക്രമത്തിനെതിരെ രൂപംകൊണ്ട സംഘടനയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി മാറിയതെന്ന് സിപിഎമ്മിന്റെ ഇളമുറക്കാര്‍ക്ക് അറിയില്ലെങ്കിലും എം.വി.ഗോവിന്ദനും പിണറായി വിജയനും ഓര്‍മ്മകാണും. അതിന് 1987ലെ തെരഞ്ഞെടുപ്പ് കാലത്തേക്ക് പോകണം. ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരം ഏറ്റെടുത്തസമയം. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സിമി വര്‍ഗീയത പ്രചരിപ്പിക്കുന്നകാലം. നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അധികാരം കിട്ടയതോടെ സിപിഎമ്മുമാര്‍ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

സിപിഎമ്മിന്റെ അക്രമം പ്രതിരോധിക്കാനായി വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര മേഖലയിലെ മുസ്ലിം ചെറുപ്പക്കാര്‍ സംഘടിപ്പിക്കപ്പെട്ടു. സിമി നേതാക്കളുടെ സഹായം ലഭിച്ചതോടെ നാഷണല്‍ ഡിഎഫന്‍സ് ഫോഴ്‌സ് (എന്‍ഡിഎഫ്) എന്ന സംഘടന വില്യാപ്പള്ളിക്കടുത്ത മയ്യന്നൂരില്‍ പിറന്നു. നിങ്ങള്‍ക്ക് സുന്നിയോ മുജാഹിദോ ജമാഅത്തോ ആകാം. ലീഗ് ഉള്‍പ്പെടെ ബിജെപിയല്ലാത്ത ഏത് പാര്‍ട്ടിയിലും വിശ്വസിക്കാം. മുസ്ലിം സമുദായത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയുക എന്നത് മാത്രമാണ് എന്‍ഡിഎഫിന്റെ ലക്ഷ്യമെന്നായിരുന്നു പ്രധാന പ്രചരണം.

1993 നവംബറില്‍, അതുവരെ രഹസ്യമായി പ്രവര്‍ത്തിച്ച എന്‍ഡിഎഫ് കോഴിക്കോട് ടൗണ്‍ഹാളില്‍ കണ്‍വന്‍ഷന്‍ നടത്തി. നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്നത് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ആയി. 1994ല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കോഴിക്കോട്ടു റാലി സംഘടിപ്പിച്ചുകൊണ്ട് എന്‍ഡിഎഫ് രംഗത്തു വന്നു. 1992ല്‍ രാമജന്മഭൂമിയിലെ തര്‍ക്ക മന്ദിരം തകര്‍ന്നതിന്റെ മറപിടിച്ചായിരുന്നു ഇസ്ലാമിക തീവ്രവാദം കൂടുതല്‍ ശക്തമാക്കിയത്. വര്‍ഗ്ഗീയത ഇളക്കിവിട്ട് നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ(എന്‍ഡിഎഫ്) കീഴില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ പേരുകളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്‍-ഉമ്മ, തൃശൂരില്‍ ജം ഇയ്യത്തുള്‍ ഇഹ്‌സാനിയ, ചിലയിടങ്ങളില്‍ ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് തുടങ്ങിയവയായിരുന്നു ഗ്രൂപ്പുകള്‍. ഇടുക്കിയിലെ പ്രവര്‍ത്തനം ‘പെരുവന്താനം കള്‍ച്ചറല്‍ ഫോറം’ എന്നപേരിലായിരുന്നു. 1993-94 വര്‍ഷങ്ങളില്‍ മലപ്പുറത്ത് വ്യാപകമായി സിനിമാ തീയേറ്ററുകള്‍ക്ക് മതമൗലിക വാദികള്‍ തീയിട്ടു. 15 തീയേറ്ററുകളാണ് അഗ്നിക്ക് ഇരയായത്. കോഴിക്കോട് കുറ്റിയാടി പള്ളി ബോംബ് സ്‌ഫോടനം, കുറ്റിയാടി പള്ളിക്കാട്ടില്‍ നിന്നും മേപ്പയൂര്‍ പള്ളിയില്‍ നിന്നും ബോംബ് പിടിച്ചത്, പേരാമ്പ്ര എടവരാട് മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ ബോംബേറ് അങ്ങനെ എന്‍ഡിഎഫ് അക്രമ പട്ടികകള്‍ നീണ്ടു. മുസ്ലീംങ്ങള്‍ക്കെതിരെയുള്ള അക്രമത്തിന് എതിരിടാന്‍ എന്‍ഡിഎഫ് മാത്രമാണെന്ന് പ്രചരിപ്പിച്ച് കര്‍ണാടകയില്‍ കെഎഫ്ഡിയും തമിഴ്‌നാട്ടില്‍ എംഎന്‍പിയുമായി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അപ്പോഴെല്ലാം സിപിഎമ്മും എന്‍ഡിഎഫും ബദ്ധശത്രുക്കളായിരുന്നു. ഭീകരവാദ സംഘടനയായ ഇസ്ലാമിക് സേവക് സംഘ് എന്ന ഐഎസ്എസിന് അബ്ദുള്‍ നാസര്‍ മദനി കേരളത്തില്‍ തുടക്കമിടുന്നതുവരെ അതു തുടര്‍ന്നു.

പള്ളികള്‍ പിടിച്ചെടുക്കുന്നതിനായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രൂപം കൊടുത്ത സുന്നി ടൈഗര്‍ഫോഴ്‌സില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ഉസ്മാന്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘവും സിമിയുടെ പ്രവര്‍ത്തകരും എന്‍ഡിഎഫും എല്ലാം അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘില്‍(ഐഎസ്എസ്) ലയിച്ചു. ഐഎസ്എസ് പിന്നെ പിഡിപി(പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) ആയി മാറി. വോട്ട് ബാങ്കായി. ഇതോടെ മദനിയും തീവ്രവാദ സംഘടനയും സിപിഎമ്മിന്റെ സഹോദരസംഘടനയുമായി.

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ തലശ്ശേരി ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍, 50 കേസില്‍ പ്രതിയായ മദനിയെ ഒപ്പം കൂട്ടി. സിപിഎമ്മിന്റെ അക്രമം തടയാന്‍ രൂപപ്പെട്ട തീവ്രവാദ സംഘടനകളെ അന്നുമുതല്‍ സിപിഎം കൂട്ടുപിടിച്ചു. സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.ടി.ജലീലിനെ ഒപ്പം കൂട്ടിയതും ആ കൂട്ടുകെട്ടാണ്. സിമി, എന്‍ഡിഎഫ്, പിഡിപി, പോപ്പുലര്‍ ഫ്രണ്ട്.  പേര് എതായാലും രാജ്യം തകര്‍ക്കാനുള്ള സംഘടനകളാണ് ഇവ. ഇന്ന് അധികാരം നിലനിര്‍ത്താന്‍ സിപിഎമ്മിന് അവരുടെ സഹായം വേണം. അതുകൊണ്ടാണ് പഴയ നാദാപുരത്തെ കലാപവും എന്‍ഡിഎഫിന്റെ രൂപീകരണവും എല്ലാം മറച്ചുവച്ച് ഭൂരിപക്ഷ വര്‍ഗ്ഗീയതയെന്ന് പറഞ്ഞ് കണ്ണില്‍പൊടിയുന്നത്. അഭിമന്യൂവിന്റെ കൊലപാതകം കൂടി നിരോധനത്തിന് കാരണമായി ഉള്‍പ്പെടുത്തിയിട്ടും അത് കാണാതെ ഭൂരിപക്ഷ വര്‍ഗ്ഗീയതയെന്ന് ഉറക്കെ കരയുന്നതും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക