പാലക്കാട്: കോയമ്പത്തൂര്‍ ബിജെപി ഓഫീസിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോയമ്പത്തൂര്‍ തുടിയലൂര്‍ ചേരന് കോളനി സ്വദേശി എസ്. സദ്ദാം ഹുസൈന് (31) പിടിയിലായി. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുന്നു. 22ന് രാത്രിയാണ് കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ വി.കെ.കെയിലെ ബിജെപി ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഇവ പൊട്ടാത്തതിനാല് വന്‍ ദുരന്തം ഒഴിവായി. അന്ന് രാത്രി തന്നെ ഗാന്ധിപുരത്തെ തുണിക്കടക്കുനേരെയും ബോംബാക്രമണം നടന്നിരുന്നു.
തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ ബിജെപി, ആര്‍എസ്എസ്, ഹിന്ദു മുന്നണി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണവും ഉണ്ടായി. ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും, നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഓഫീസിന് നേരെ ബോംബെറിഞ്ഞത്.
കോയമ്പത്തൂര്‍ നോര്‍ത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എസ്. മാധവന്റെ മേല്‍നോട്ടത്തിലുള്ള മൂന്ന് പ്രത്യേക സംഘങ്ങള്‍ നൂറോളം നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടിയലൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവാണ് അറസ്റ്റിലായ സദ്ദാം ഹുസൈന്. പിഎഫ്ഐയുടെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.
കുറ്റകൃത്യം നടക്കുമ്പോള്‍ സദ്ദാം ഹുസൈന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സെക്ഷന്‍ 153 എ, 436 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. 1908-ലെ സ്ഫോടകവസ്തു നിയമത്തിലെ മൂന്നാം വകുപ്പും പ്രതിക്കെതിരെ ചുമത്തി. കോയമ്പത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് ആക്രമണങ്ങളിലും ഇരുവര്‍ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹിന്ദു മുന്നണി വക്താവ് സി. ശശികുമാര്‍ കൊല്ലപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ഹുസൈന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: