ലഖ്നൗ: കൃത്രിമശ്വാസം നല്കി നവജാത ശിശുവിന്റെ ജീവന് രക്ഷിയ്ക്കുന്ന ഉത്തര്‍പ്രദേശിലെ വനിതാ ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സാധാരണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ഡോക്ടറുടെ ഈ ജീവന്‍രക്ഷാദൗത്യം. സര്‍ക്കാര്‍ സംവിധാനത്തില്‍ എത്ര പ്രതിബദ്ധതയോടെയാണ് ഈ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണുമ്പോള്‍ അതിശയം കൂറുകയാണ് സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാര്‍. വനിതാ ഡോക്ടറായ സുരേഖ ചൗധരിയാണ് ചലനമില്ലാത്ത നവജാത ശിശുവിനെ തുടര്‍ച്ചയായി കൃത്രിമശ്വാസം നല്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്.
ഡോക്ടറായാല്‍ ഇങ്ങിനെ വേണമെന്നതുള്‍പ്പെടെ സുരേഖ ചൗധരിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍കയ്യടിയാണ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് കൗശികാണ് വീഡിയോ പങ്കുവെച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞിന് ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. പ്രസവത്തിന് സമയം കൂടുതല്‍ എടുത്തതാണ് ശ്വാസതടസ്സത്തിന് കാരണമായത്.
ഓക്സിജന്‍ നല്‍കിയെങ്കിലും കുഞ്ഞിന് അനക്കമില്ല. അതോടെയാണ് ഡോക്ടര്‍ കുഞ്ഞിനെ വാരിയെടുത്ത് കൃത്രിമശ്വാസം നല്‍കുന്നത്. ഏകദേശം ഏഴ് മിനിറ്റ് നേരത്തോളം കൃത്രിമശ്വാസം നല്കിയ ശേഷമാണ് കുഞ്ഞ് ശ്വാസം എടുക്കാന്‍ തുടങ്ങിയത്.
കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങുന്നതോടെ ഡോക്ടര്‍ ആനന്ദത്തോടെ കുഞ്ഞിനെ ഓമനിക്കുന്നതും കാണാം. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചയുടന്‍ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി നിരവധി അഭിനന്ദനങ്ങളാണ് ഡോക്ടറെ തേടിയെത്തിയത്. അതിപ്പോഴും തുടരുന്നു. ‘നിങ്ങള്‍ ദൈവം തന്നെയാണ് ‘ എന്നതുള്‍പ്പെടെ നിരവധി രസകരമായ കമന്റുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: