തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർഥിനിയെയും അച്ഛനെയും മർദ്ദിച്ച സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെ.എസ്.ആർ.ടി.സി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്പെൻ്റ് ചെയ്തത്. ഇയാൾ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വീഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് എസ്. അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 20നാണ് ആക്രമണം നടന്നത്.
അതേസമയം അച്ഛനെയുംമകളെയും മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണ്. അതിനാൽ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: