ന്യൂദല്‍ഹി: ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1959 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. ബാലതാരമായിട്ടാണ് ആശാ പരേഖ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മാ’ (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകന് ബിമല്‍ റോയാണ് പരിചയപ്പെടുത്തിയത്.
2002ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 2004ല്‍ കലാകാര്‍ അവാര്‍ഡ്, 2006ല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്, 2008ല്‍ ലിവിങ് ലെജന്റ് അവാര്‍ഡും സ്വന്തമാക്കി. നസിര്‍ ഹുസൈന്റെ ‘ദില്‍ ദേകെ ദേഖോ’ എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് വെള്ളിത്തിരയില്‍ തിരിച്ചെത്തി. തുടര്‍ന്നങ്ങോട്ട് ‘ജബ് പ്യാര് കിസി സെ ഹോതാ ഹേ’, ‘ഫിര്‍ വൊഹി ദില്‍ ലയാ ഹൂ’, ‘പ്യാര് കാ മൗസം’, ‘കാരവന്’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്യം പദ്മശ്രീ നല്കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ദല്‍ഹിയില്‍ വച്ചാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം നടക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: