തൃശൂര്‍: മലയാള സിനിമയില്‍ സഹസംവിധായകനായി എത്തി ഒരു ഡസനിലധികം ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ രാജേഷ് ഭാസ്കരന് തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മേ ഹൂം മൂസ’ യുടെ റിലീസിന് മുന്നോടിയായുള്ള പ്രചാരണ തിരക്കിലാണ്. ഇതിനു ശേഷം സ്വതന്ത്ര സംവിധായകനായി പുതിയൊരു ചിത്രം അണിയിച്ചൊരുക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
രണ്ട് പതിറ്റാണ്ട് മുന്‍പാണ് തൃപ്രയാര്‍ വലപ്പാട് സ്വദേശി കൊട്ടേക്കാട്ട് വീട്ടില്‍ രാജേഷ് ഭാസ്കരന് (46) മലയാള സിനിമാ ലോകത്തേക്കെത്തുന്നത്. രമേഷ്ദാസ് സംവിധാനം ചെയ്ത തട്ടകം എന്ന സിനിമയില്‍ സഹസംവിധായകനായാണ് തുടക്കം. ഇതിനു ശേഷം ദിലീപിനെ നായകനാക്കി നാട്ടുകാരനായ അക്കു അക്ബര്‍ സംവിധാനം ചെയ്ത മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിലും സഹസംവിധായകനായതോടെയാണ് സിനിമാ മേഖലയില്‍ ചുവടുറപ്പിക്കാന്‍ രാജേഷ് തീരുമാനിച്ചത്.
അക്കു അക്ബറാണ് തനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കിത്തന്നതെന്ന് രാജേഷ് പറയുന്നു. തുടര്‍ന്ന് അക്കു അക്ബര്‍ സംവിധാനം ചെയ്ത സദാനന്ദന്റെ സമയം, വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര, വെള്ളരിപ്രാവിന്റെ ചങ്ങാതി, കാണാക്കണ്മണി, ഉല്സാഹക്കമ്മിറ്റി, മത്തായി കുഴപ്പക്കാരനല്ല, പേരിനൊരാള്‍ എന്നീ ചിത്രങ്ങളില്‍ രാജേഷ് ചീഫ് അസോസിയേറ്റ് ഡയറക്ടറായി. ഇതിനു ശേഷം ഒരു നേപ്പാളി സിനിമയിലും, മമ്മൂട്ടി നായകനായ ജവാന് ഓഫ് വെള്ളിമല, രാജേഷ് പിള്ള സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന് നായകനായ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളിലും രാജേഷ് പ്രവര്‍ത്തിച്ചു. ആസിഫലി നായകനായ എല്ലാം ശരിയാകും, സുരേഷ് ഗോപി നായകനായ മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളില്‍ സംവിധായകന് ജിബു ജേക്കബിനൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായി രാജേഷ് ജോലി ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര സന്നിധിയില്‍ വച്ച് അരുണ്‍ ഘോഷ് അഭിനയിച്ച് രാജേഷ് ഭാസ്കരന് സംവിധാനം ചെയ്ത ശ്രീരാമജയം എന്ന വീഡിയോ ആല്‍ബത്തിലെ ‘തേവരെ എന്‍ തേവരെ…’ എന്ന ഗാനം മലയാളികള്‍ നെഞ്ചേറ്റിയതാണ്. സുരേഷ് ഗോപി നായകനായ മേ ഹൂം മൂസയുടെ പ്രമോഷന് തിരക്കിലാണ് രാജേഷ് ഭാസ്കരനിപ്പോള്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേര്‍ന്നാണ്. സൈജു കുറുപ്പ്, പൂനം ബജ്വ, മിഥുന്, സലിംകുമാര്‍, ഹരീഷ് കണാരന് തുടങ്ങിയവര്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച ഈ ചിത്രം 30 ന് തിയറ്ററുകളിലെത്തും.
വലപ്പാട് കാര്‍മ്മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപിക സ്നിതയാണ് രാജേഷിന്റെ ഭാര്യ. ബി.കോം. വിദ്യാര്‍ത്ഥിനിയായ മാളവിക, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നവനീത് എന്നിവര്‍ മക്കളാണ്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിട്ടും സ്വന്തമായി സിനിമ ചെയ്യാന്‍ രാജേഷ് കാത്തിരുന്നു. വൈകാതെ തന്നെ സ്വതന്ത്ര സംവിധായകനായി രാജേഷ് ഭാസ്കരന് ബിഗ് സ്ക്രീനിലെത്തും. അതിനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
ജിബു ജേക്കബ്ബ് പറയുന്നു
‘ചിലരുണ്ട്, എന്നും എവിടെയും എല്ലാവര്ക്കും ആശ്വാസവും പ്രതീക്ഷയും വിശ്വാസവും കരുത്തുമായി. ജീവിതത്തിലും സിനിമയിലും. പ്രശസ്തിയുടെ വെള്ളിവെളിച്ചങ്ങള്ക്കപ്പുറം നില്‍ക്കുമ്പോഴും സിനിമയുടെ ജീവനും ആത്മാവും ആവുന്നവര്‍. അവരില്ലെങ്കില്‍ സിനിമയില്ല. അവരുടെ ചീഫിനെ തന്നെ അഭിമാനത്തോടെ അഹങ്കാരത്തോടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു… മേ ഹൂം മൂസയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്കരന്’. (സംവിധായകന് ജിബു ജേക്കബിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: