ബിജെപി പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. പ്രത്യയശാസ്ത്ര അടിത്തറയില്‍ വ്യതിചലിക്കാത്ത ഏക ദേശീയ പാര്‍ട്ടിയാണ് ബിജെപി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി. 18 കോടി അംഗങ്ങളുള്ള, ദേശീയ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം. നാളിതുവരെ ബിജെപി മുന്നോട്ടുവച്ച പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തിലായാലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക നയത്തിന്റെ കാര്യത്തിലായാലും കര്‍ഷകരുടെ കാര്യത്തിലായാലും യുവജനങ്ങളുടെയും മഹിളകളുടെയും കാര്യത്തിലായാലും അന്നും ഇന്നും ബിജെപിയുടെ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഏകാത്മ മാനാവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ഫെഡറലിസത്തില്‍ വിശ്വസിക്കുന്ന, പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന ബഹുജനപ്രസ്ഥാനമാണ് ബിജെപി.
ദേശീയവാദത്തില്‍ യാതൊരു വിട്ടുവീഴ്ചയും പുലര്‍ത്താതിരിക്കുമ്പോഴും പ്രാദേശിക വികാരങ്ങളെ പാര്‍ട്ടി എന്നും വിലമതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാശ്മീര്‍ മുതല്‍ കേരളം വരെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് ജനപ്രതിനിധിസഭകളില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 92 അംഗങ്ങളും 1398 എംഎല്‍എമാരും 117 മേയര്‍മാരും ആയിരക്കണക്കിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമുള്ള ജനകീയ പാര്‍ട്ടിയാണ് ബിജെപി. ബിജെപിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായിക്കൊണ്ടാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. കൊവിഡ് കാലത്ത് രാജ്യം അതു കണ്ടതാണ്. ബിജെപി പ്രവര്‍ത്തകരുടെ സമര്‍പ്പണ മനോഭാവത്തിന്റെയും സേവനതല്പരതയുടെയും ഫലമായാണ് കൊവിഡ് പ്രതിരോധത്തിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാരിന് ലോകത്തിനു തന്നെ മാതൃകയാകാന്‍ കഴിഞ്ഞത്. കൊവിഡ്കാലത്ത് 17 കോടി മാസ്‌കുകളാണ് ബിജെപി വിതരണം ചെയ്തത്. 15 കോടിയിലേറെപ്പേര്‍ക്ക് ഭക്ഷണമെത്തിച്ചു. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് അരിയും പയറുമെത്തിച്ചു. കേരളത്തിലും അതിന്റെ ആനുകൂല്യം ലഭിച്ചു.
135 കോടി ജനങ്ങള്‍ളിലേക്ക് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും എത്തിക്കാനായി. 100 രാജ്യങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനേഷന്‍ മരുന്ന് എത്തിച്ചു. 48 രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്ന രാജ്യം എന്നതില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്ന രാജ്യം എന്നതിലേക്ക് മാറാന്‍ ഭാരതത്തിനായി. വന്ദേഭാരതം പദ്ധതിയിലൂടെ 14 ലക്ഷം പേരാണ് കേരളത്തിലെത്തിയത്. ഉക്രയിന്‍ യുദ്ധസമയത്ത് കുടുങ്ങിപ്പോയ 23000 വിദ്യാര്‍ഥികളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയോടും ഉക്രൈയിനോടും യുദ്ധം നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നാട്ടിലെത്തിച്ചത്. ഇതില്‍ 3000 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പ്രധാനമന്ത്രിയുടെ സാമൂഹ്യ സേവന പദ്ധതികളിലൂടെ രാജ്യത്തെ സാധാരണക്കാരിലേക്ക് വികസനമെത്തി. പാവങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. സ്വച്ഛ്ഭാരതിലൂടെ വനിതാ ശാക്തീകരണം സാധ്യമായി. 12 കോടി ജനങ്ങള്‍ക്കാണ് ശൗചാലയം യാഥാര്‍ത്ഥ്യമായത്. കേരളത്തില്‍ 2.3 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന നടപടിയായിരുന്നു ഇത്. ബിജെപി സാമൂഹ്യമുഖമുള്ള, മനുഷ്യത്വത്തിന്റെ മുഖമുള്ള പാര്‍ട്ടിയാണെന്ന് വ്യക്തമാക്കുന്നതാണിതെല്ലാം.
വികസന രംഗത്ത് കേരളത്തിന് കോടികളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ദേശീയപാതാ വികസനത്തിന് 55000 കോടിയാണ് ചെലവഴിച്ചത്. മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് തുകയനുവദിച്ചു. കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, പാലക്കാട് ഐഐടി, മുംബൈ കന്യാകുമാരി കോറിഡോര്‍ തുടങ്ങിയവ പ്രവര്‍ത്തനപാതയിലാണ്. 650 ഓളം റോഡുകള്‍ക്കായി 50,000 കോടിയാണ് അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍ ഇത്രയും കരുതല്‍ കേന്ദ്രം നല്‍കുമ്പോള്‍ കേരളം കടക്കെണിയിലേക്ക് പോവുകയാണ്. കേരളത്തിലെ കടബാധ്യത ഇടതുഭരണത്തില്‍ ഇരട്ടിയായി. സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസുവരെ സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ടു. പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഓഫീസിനും കുടുംബത്തിനുമെതിരെ വരെ ആരോപണമുന്നയിച്ചു. സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സ്വജനപക്ഷപാതമാണ്. വേണ്ടപ്പെട്ടവരെ നിയമിക്കുന്നു. ലോകായുക്തയുടെ അധികാരം എടുത്തുകളയുന്നു. സര്‍വമേഖലകളിലും അഴിമതിയാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വെള്ളംചേര്‍ത്തു. അഴിമതിയും കുടുംബാധിത്യഭരണവുമാണ് ഇന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നയിക്കുന്നത്.
കേരളം തീവ്രവാദികളുടെ വിളനിലമായിമാറി. അക്രമങ്ങളും അരാജകത്വവും പേറുന്ന തീവ്രവാദശക്തികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന ഇടതുസര്‍ക്കാര്‍ എന്തുഭരണമാണ് നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങളും മോദിസര്‍ക്കാരിന്റെ ജനകീയ പദ്ധതികളും ബുത്തുതലത്തിലെ പ്രവര്‍ത്തകര്‍ വീടുകളിലേക്കെത്തിച്ചാല്‍ കേരളത്തില്‍ ഉറപ്പായും താമരവിരിയും. പുതിയ ബിജെപി തിരുവനന്തപുരം ജില്ലാ കാര്യാലയം ഓഫീസ് എന്നതിലുപരി ഒരു സാംസ്‌കാരികകേന്ദ്രമായി മാറണം. സമൂഹത്തിന് സേവനം നല്‍കാന്‍ തലസ്ഥാനത്തെ എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും പത്മനാഭസ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.
(തയ്യാറാക്കിയത്: സി.രാജ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: