കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കേന്ദ്രങ്ങളിലും അവര്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളിലും കേരളാ പോലീസ് നടത്തിയ റെയ്ഡുകള്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചര്‍ച്ചാ വിഷയമാവുകയും ചെയ്തുവല്ലോ. പതിനഞ്ച് സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നൂറിലേറെ കേന്ദ്രങ്ങളില്‍ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റും ചേര്‍ന്ന് റെയ്ഡു നടത്തുകയും, നേതാക്കളെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ സംസ്ഥാനത്ത് വന്‍തോതിലുള്ള അക്രമങ്ങളാണ് നടത്തിയത്. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും, ജനങ്ങള്‍ക്ക് യാത്രാക്ലേശമുണ്ടാക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും മതഭീകരര്‍ ചെവിക്കൊണ്ടില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി. ഹര്‍ത്താലിന്റെ മറവില്‍ താലിബാന് മോഡല്‍ അക്രമമാണ് നടന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടു നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വഭാവികമായും ഈ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ഫ്രണ്ട് ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടികളാണ് എടുത്തതെന്ന് വ്യക്തമാക്കേണ്ടിവരും. കോടതി നിര്‍ദേശിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് വസ്തുത. പോലീസ് വലിയ മുന്നറിയിപ്പൊക്കെ നല്‍കിയെങ്കിലും ഭീകരരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി തങ്ങളും നടപടിയെടുത്തുവെന്ന് കാണിക്കുന്ന അടവുനയമാണ് കേരളാ പോലീസിന്റേത്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി റെയ്ഡ് നടന്നിട്ടും അതിനെതിരെ കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനുമുണ്ടായിരുന്നു. പക്ഷേ അതിനവര്‍ തയ്യാറല്ല. സിപിഎമ്മും സര്‍ക്കാരുമായുള്ള അവിശുദ്ധ സഖ്യമാണ് കേരളത്തില്‍ മാത്രം ബന്ദ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രേരിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മതതീവ്രവാദികളായ അണികളില്‍ നല്ലൊരു വിഭാഗം പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ സിപിഎമ്മുകാരായി നടക്കുന്നവരാണ്. സിപിഎമ്മിന്റെ ജനപ്രതിനിധികളില്‍നിന്നുപോലുമുള്ള പിന്തുണയും സംരക്ഷണവും ഇവര്‍ക്ക് ലഭിക്കുന്നു. സിപിഎമ്മിന്റെ അറിവോടുകൂടിയല്ല ഇതെന്ന് കരുതാനാവില്ലല്ലോ. സിപിഎമ്മിന്റെ പിന്തുണയോടെയാണ് കേരളം പോപ്പുലര്‍ഫ്രണ്ട് വളക്കൂറുള്ള മണ്ണാക്കിയത്. മദ്രസ്സകളും മഹല്ലു കമ്മിറ്റികളും കേന്ദ്രീകരിച്ച് മതഭീകരവാദം ശക്തിപ്രാപിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പാഴ്വാക്കായി മാറുകയായിരുന്നു. ഇതേ മുഖ്യമന്ത്രി തന്നെയാണ്, കേരളത്തില്‍ ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ തിരുത്തിയത്. കേരളം ഭീകരവാദത്തിന്റെ ഭീഷണിയിലാണെന്ന് ബെഹ്റയ്ക്കു മുന്‍പ് പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറും റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇരുപത് വര്‍ഷംകൊണ്ട് കേരളത്തെ ഇസ്ലാമികവല്‍ക്കരിക്കാനാണ് മതതീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന് തന്നെ പ്രസ്താവിച്ചതാണ്. ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നല്‍കുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്യുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലും കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും, അതിനായി ആയുധപരിശീലനം നടത്തുകയും ചെയ്തു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡു നടത്തിയത്. ഇതു സംബന്ധിച്ച ഗുരുതരമായ വിവരങ്ങള്‍ കോടതിയിലും എന്‍ഐഎ ഹാജരാക്കിയിട്ടുണ്ട്. ഇനിയും പിടിയിലാവാനുള്ള ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചതായാണ് വിവരം. രാജ്യം വിടുന്നത് തടയാനാണിത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനെ വിമര്‍ശിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവരെ പോലീസ് അടിച്ചമര്‍ത്താതിരിക്കുകയും ചെയ്തതിലൂടെ തങ്ങള്‍ ഭീകരര്‍ക്കെതിരാണെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖംമൂടിയാണ് അഴിഞ്ഞുവീണത്. രക്ഷപ്പെടാന്‍ അവസരം കൊടുക്കാതെ എന്‍ഐഎ പിടിച്ചുകൊണ്ടുപോയ പല പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കും സിപിഎം ബന്ധമുണ്ട്. ഇവരില്‍ ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നില്ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭീകരവാദികളുടെ ഇടതുപക്ഷ ബന്ധങ്ങളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ട്. കാരണം കേന്ദ്ര സര്‍ക്കാര്‍ ഉന്മൂലനം ചെയ്യാനാഗ്രഹിക്കുന്ന ശക്തികള്‍ക്കാണ് കേരളത്തില്‍ രാഷ്ട്രീയ-ഭരണ സംരക്ഷണം ലഭിക്കുന്നത്. വളരെ ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയും, അതിശക്തമായ നടപടികളെടുക്കുകയും ചെയ്യണം. കേരളാ പോലീസിന്റെ ഇപ്പോഴത്തെ റെയ്ഡ് പ്രഹസനങ്ങള്‍ മതതീവ്രവാദികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന സത്യം തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: