ന്യൂയോര്‍ക്ക്: ഉക്രൈന് പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പ്രത്യാക്രമണങ്ങള്‍ കടുപ്പിക്കുമ്പോള്‍, ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്ന പുടിന്റെ ഭീഷണിയില്‍ കിടുങ്ങി അമേരിക്ക. മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി മുന്‍കരുതല്‍ പൗരന്മാര്ക്ക് നല്‍കിയിരിക്കുകയാണ് അമേരിക്ക.
ഏത് നിമിഷവും ആണവസ്ഫോടനമുണ്ടാകാമെന്നും അങ്ങിനെയെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടുന്നതുള്‍പ്പെടെ ഒരു പിടി മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ആണവ വിസ്ഫോടനത്തിന്റെ ഭാഗമായുണ്ടായേക്കാവുന്ന അണുവികിരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം. മുടിയില്‍ ഷാമ്പൂ ഉപയോഗിക്കാം. പക്ഷെ കണ്ടീഷണര്‍ ഉപയോഗിക്കരുത്. കാരണം കണ്ടീഷണര്‍ ഉപയോഗിച്ച തലമുടിയില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് മാറാരോഗങ്ങള്‍ വന്ന് മരിക്കുന്നതിന് കാരണമാകും.
ആണവ വിസ്ഫോടനമുണ്ടായാല്‍ തുറസ്സായ സ്ഥലത്ത് നിന്നും കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറണം. കഴിയുന്നതും ബേസ് മെന്റിലോ കെട്ടിടത്തിന്റെ മധ്യത്തിലുള്ള നിലയിലോ കഴിയണം. ചുമരില്‍ നിന്നും അകന്ന് മാറി നില്‍ക്കണം. കാരണം റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചുമരുകളിലാണ് പറ്റിപ്പിടിക്കാന്‍ സാധ്യത. കെട്ടിടത്തിനുള്ളില്‍ കയറുമ്പോള്‍ കോട്ടും മറ്റ് പുറം വസ്ത്രങ്ങളും അഴിച്ചുവെയ്ക്കണം. കെട്ടിടത്തിനുള്ളില്‍ കയറിയ ഉടന്‍ വസ്ത്രങ്ങളാല്‍ മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം.
വായും മൂക്കും മുഖംമൂടി ഉപയോഗിച്ച് മറയ്ക്കാന്‍ മറക്കരുത്. ഇതുപോലെയുള്ള ഉപദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
“റഷ്യയെയും റഷ്യന്‍ ജനതയെയും രക്ഷിക്കാന്‍ കയ്യിലുള്ള എന്ത് മാര്‍ഗ്ഗവും ഉപയോഗിക്കും. ഇത് തമാശയല്ല. “- പുടിന് തമാശ പറയില്ല എന്ന് അമേരിക്കയ്ക്കും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും അറിയാവുൂന്നതിനാല്‍ ആണവായുധപ്രയോഗം തന്നെയാണ് ഉദ്ദേശിച്ചതെന്ന് അമേരിക്ക പറയുന്നു.
തൊട്ടുപിന്നാലെ, പുടിന് ഉദ്ദേശിക്കുന്നത് ആണവായുധങ്ങളെപ്പോലുള്ള തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തന്നെയാണെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്ര മെഡ് വെഡേവ് വിശദീകരിച്ചിരുന്നു. ഇതിനിടെ യുദ്ധത്തില്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന് പ്രദേശങ്ങളായ ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖെര്‍സോന്‍, സപൊറിസിയ തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യയോടൊപ്പം നില്ക്കാന് ജനഹിതപരിശോധനയില്‍ തീരുമാനമായതായും റഷ്യ അറിയിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഎസിന്റെയോ നേറ്റോയുടെയോ ഭാഗത്ത് നിന്നും നീക്കമുണ്ടായാല്‍ റഷ്യ തിരിച്ചടിക്കും.
ഇതിനിടെ, പുടിന്റെ ഉറ്റസുഹൃത്തായ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയും ഉക്രൈനും പാശ്ചാത്യലോകത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയ്ക്കെതിരെ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ റഷ്യയോടൊപ്പം യുദ്ധത്തില്‍ ചേരുമെന്ന് അലക്സാണ്ടര്‍ ലുകാഷെങ്കോ താക്കീത് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: