ശ്രീനഗര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് തന്റെ പാര്‍ട്ടിയ്ക്ക് നല്കിയ പേര്. ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ 26ന് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ആസാദ് അറിയിച്ചിരുന്നു. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ ലയിക്കുകയോ ചെയ്യില്ല. അതേസമയം മറ്റു പാര്‍ട്ടികളോടു വിരോധവുമില്ലെന്നും ആസാദ് പറഞ്ഞു. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാകും ആസാദിന്റെ പാര്‍ട്ടി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന നിരവധി കശ്മീരി നേതാക്കളും ആസാദിന്റെ പുതിയ പാര്‍ട്ടിയിലുണ്ട്.
2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അഞ്ച് തവണ രാജ്യസഭാംഗമായും രണ്ട് തവണ ലോക്സഭാംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം 2005 മുതല്‍ 2008 വരെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: