കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദ് ആണ് പിടിയിലായത്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കിലാണ് സംഭവം. യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ആൻ്റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് പൊലീസുകാർ ഇങ്ങോട്ടേക്ക് എത്തിയത്. ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പോലീസിന്റെ ബൈക്കിൽ ഷംനാദ്, താൻ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോലീസുകാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അതേസമയം ഷംനാദ് നിർത്താതെ ബൈക്ക് ഓടിച്ച് കടന്നുകളയുകയുമായിരുന്നു. പ്രതിയെ പിടിക്കാൻ മറ്റ് പോലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഷംനാദിനെ അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാൾ ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: