എസ്. ശ്രീനിവാസ് അയ്യര്‍
ഗ്രഹങ്ങളുമായി ബന്ധപ്പെട്ട പദങ്ങളാണ്, നീചാഭിലാഷിയും ഉച്ചാഭിലാഷിയും. ഗ്രഹബലം കണക്കാക്കുമ്പോള്‍/ഗ്രഹം തരുന്ന ഫലം നിര്‍ണയിക്കുമ്പോള്‍ പ്രസ്തുത ഗ്രഹം ഉച്ചാഭിലാഷിയാണോ നീചാഭിലാഷിയാണോ എന്ന ചോദ്യം വളരെ സംഗതമാണ്.
നീചാഭിലാഷി ഗ്രഹം, ഉച്ചാഭിലാഷി ഗ്രഹം എന്നാല്‍ എന്താണെന്ന് ആദ്യം നോക്കാം. നീചത്തെ, തന്റെ നീചക്ഷേത്രത്തെ, നീചരാശിയെ അഭിലഷിക്കുന്ന അഥവാ ആഗ്രഹിക്കുന്ന ഗ്രഹം നീചാഭിലാഷി. തന്റെ ഉച്ചത്തെ, ഉച്ചക്ഷേത്രത്തെ അഥവാ ഉച്ചരാശിയെ അഭിലഷിക്കുന്ന അഥവാ അഗ്രഹിക്കുന്ന ഗ്രഹം ഉച്ചാഭിലാഷി.
മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികളില്‍ സൂര്യാദി സപ്തഗ്രഹങ്ങള്‍ക്ക് (രാഹുകേതു ഒഴികെ) ഒരു ഉച്ചരാശി അഥവാ ഒരു ഉച്ചക്ഷേത്രമുണ്ട്. അതുപോലെ ഒരു നീചരാശി അഥവാ ഒരു നീചക്ഷേത്രവുമുണ്ട്. ഗ്രഹങ്ങളുടെ ഉച്ചനീച രാശികള്‍ പരസ്പരം ഏഴാം രാശിയായിരിക്കും. ഉദാഹരണത്തിന് സൂര്യന്റെ ഉച്ചരാശി മേടം. അതിന്റെ ഏഴാം രാശി തുലാം സൂര്യന്റെ നീചരാശി. ചന്ദ്രന്റെ ഉച്ചരാശി ഇടവം, അതിന്റെ ഏഴാം രാശിയായ വൃശ്ചികം നീചരാശിയും. ചുവടെ മറ്റ് ഗ്രഹങ്ങളുടെ ഉച്ചനീചങ്ങള്‍ നല്‍കുന്നു.
3. ചൊവ്വ: ഉച്ചം മകരം, നീചം കര്‍ക്കടകം
4. ബുധന്‍ : ഉച്ചം കന്നി, നീചം മീനം.
5. വ്യാഴം : ഉച്ചം കര്‍ക്കടകം, നീചം മകരം.
6. ശുക്രന്‍: ഉച്ചം മീനം, നീചം കന്നി.
7. ശനി: ഉച്ചം തുലാം, നീചം മേടം.
അനാദികാലം മുതല്‍ ഗ്രഹങ്ങള്‍ രാശികളിലൂടെ, രാശിചക്രത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത വേഗത്തിലാണ് ഗ്രഹയാത്ര. മേടത്തില്‍ തുടങ്ങി മീനത്തിലവസാനിക്കുന്നതാണ് ഭ്രമണപഥം. നിര്‍ത്താതെയുള്ള നിരന്തര പ്രയാണമാണ് ഗ്രഹങ്ങള്‍ക്കുള്ളത്.
ഇപ്രകാരം നീങ്ങുമ്പോള്‍ ഗ്രഹം ഉച്ചരാശിയിലും നീചരാശിയിലും വരിക സ്വാഭാവികമാണ്. അതുമായി ബന്ധപ്പെട്ട പദങ്ങളാണ് നീചാഭിലാഷിയും ഉച്ചാഭിലാഷിയും. നീചരാശിയിലൂടെ സഞ്ചരിച്ച ശേഷം ഉച്ചരാശിയിലേക്ക് നീങ്ങുന്ന ഗ്രഹമാണ് ഉച്ചാഭിലാഷിഗ്രഹം. മറിച്ച് ഉച്ചരാശിയില്‍ നിന്നും നീങ്ങി നീചരാശിയിലേക്ക് സഞ്ചരിക്കുന്ന ഗ്രഹമാണ് നീചാഭിലാഷിഗ്രഹം. യുക്തി പണയം വെക്കാത്ത ആര്‍ക്കും ഊഹിക്കാം, ഇതില്‍ കരുത്തന്‍, കൂടുതല്‍ നല്ലഫലങ്ങള്‍ തരാന്‍ പര്യാപ്തഗ്രഹം നീചം കഴിഞ്ഞ് ഉച്ചരാശിയിലേക്ക് നീങ്ങുന്ന ഉച്ചാഭിലാഷി ഗ്രഹമായിരിക്കും എന്ന്. മറിച്ച് നീചാഭിലാഷി ഗ്രഹത്തിന്റെ ദശയും അപഹാരവും നല്ലഫലങ്ങള്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തമായിരിക്കില്ല. മങ്ങി, മയങ്ങിയ മട്ടാവും. നളചരിതത്തിലെ പ്രയോഗം കടമെടുത്താല്‍ ‘അലസതാവിലസിതം അതിനാല്‍ ഞാന്‍ ഉറങ്ങിനേന്‍’ എന്ന രീതി. ശുക്രദശയായാലും ഗുണം മങ്ങും; നേട്ടങ്ങള്‍ പ്രയത്‌നത്തിനനുസരിച്ചാവുകയുമില്ല.
ഇപ്പോള്‍, ഈ ലേഖനം എഴുതുന്ന സെപ്തംബര്‍ മൂന്നാം വാരത്തില്‍, കന്നിയിലെ പുണര്‍തം നാളില്‍ സൂര്യാദി സപ്തഗ്രഹങ്ങളില്‍ ആരൊക്കെയാണ് ഉച്ചാഭിലാഷി ഗ്രഹം / ആരൊക്കെയാണ് നീചാഭിലാഷി ഗ്രഹം എന്ന് നോക്കാം. സൂര്യന്‍ ഇപ്പോള്‍ കന്നിരാശിയിലാണ്. അടുത്ത സംക്രമം തുലാത്തിലേക്ക്. അത് സൂര്യന്റെ നീചരാശി. ആകയാല്‍ സൂര്യന്‍ നീചാഭിലാഷിത ഗ്രഹം. ചന്ദ്രന്‍ ഉച്ചമായ ഇടവം കഴിഞ്ഞ് നീചമായ വൃശ്ചികത്തിലേക്കുള്ള യാത്രയില്‍. ആകയാല്‍ ചന്ദ്രനും നീചാഭിലാഷിത ഗ്രഹമാണെന്ന് വരുന്നു. പിന്നെ മാസത്തില്‍ പകുതി ദിവസം ചന്ദ്രന്‍ ഉച്ച/നീച അഭിലാഷിതനാകുമെന്നതും ഓര്‍ക്കത്തക്ക താണ്. ചൊവ്വ ഇപ്പോള്‍ ഇടവത്തിലാണ്. തുടര്‍ന്ന് മിഥുനത്തില്‍. കര്‍ക്കടകം കുജന്റെ നീചരാശി. ആകയാല്‍ കുജന്റെ സ്ഥിതിയും വ്യക്തം. ബുധന്‍ ഉച്ചരാശിയായ കന്നിയില്‍ തുടരും, ഒക്ടോബര്‍ അവസാനം വരെ. അതുകഴിഞ്ഞ് തുലാത്തില്‍. അതുമുതല്‍ ശരാശരി ആറുമാസം ബുധന്‍ അവരോഹണത്തിലായിരിക്കും. വ്യാഴം ഇപ്പോള്‍ മീനം രാശിയില്‍. കര്‍ക്കടകമാണല്ലോ ഉച്ചരാശി. അടുത്ത മൂന്ന്- നാല് വര്‍ഷം കൊണ്ട് വ്യാഴം ഉച്ചരാശിയിലെത്തും. ശുക്രന്‍ ചിങ്ങത്തിലാണ്. കന്നിമാസം എട്ടാം തീയതി നീചരാശിയായ കന്നിയില്‍ പ്രവേശിക്കും. ശുക്രന്‍ നീചാഭിലാഷിയെന്ന് സ്പഷ്ടം. ശനി മകരത്തില്‍ വക്രഗതിയിലാണ്. 2023 മകരത്തില്‍ കുംഭത്തിലും രണ്ടരവര്‍ഷത്തിനു ശേഷം മീനത്തിലും പ്രവേശിക്കും. അതും കഴിഞ്ഞാണ് നീചമായ മേടത്തിലെത്തുക.
നീചത്തിലേക്ക് പോകുന്ന ഗ്രഹങ്ങളുടെ ദശാപഹാരപര്യന്തര്‍ദശകളിലൂടെ കടന്നുപോകുന്നവര്‍ക്ക് മുന്നേ വ്യക്തമാക്കിയതു പോലെ ഗുണാനുഭവങ്ങള്‍ ഉണ്ടായാലും അവയ്‌ക്ക് വേണ്ടത്ര ശോഭയുണ്ടായില്ലല്ലോ എന്ന ഖേദം ബാക്കിയാവും. മറിച്ച് ഉച്ചത്തിലേക്ക് പോകുന്ന ഗ്രഹങ്ങളുടെ ദശാന്തര്‍ദശഛിദ്രാദികള്‍ നടന്നുവരുന്നവര്‍ക്ക് നന്മയും നേട്ടങ്ങളും കരുതിയതിലധികം ലഭിച്ചുവെന്ന് വരാം.
ജ്യോതിഷവിദ്യ ഇങ്ങനെയെല്ലാമാണ്. നവനവോന്മേഷം പകരാന്‍ അതിനെപ്പോഴുമാവും. പഠിക്കാനും അറിയാനും ഉള്ള മനസ്സുണ്ടായാല്‍ മതി. നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ഒരിക്കലും അവസാനിക്കുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: