ടെഹ്റാന്: കസ്റ്റഡിയിലിരിക്കെ മരിച്ച ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകയെ ഇറാന് പോലീസ് അറസ്റ്റ് ചെയ്തു. ഷര്‍ഘ് പത്രത്തില്‍ ജോലി ചെയ്യുന്ന നിലൂഫര്‍ ഹമേദിയാണ് അറസ്റ്റിലായത്. വിവരം ഹമേദിയുടെ അഭിഭാഷകന് മുഹമ്മദ് അലി കാംഫിറോസി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
22നായിരുന്നു സംഭവം. രാവിലെ ഹമേദിയുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അവരെ അറസ്റ്റ് ചെയ്തു. ബന്ധുക്കളെ തടങ്കലിലാക്കി. സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും കാംഫിറോസിയുടെ ട്വീറ്റില്‍ പറയുന്നു. എന്തൊക്കെ കുറ്റങ്ങളാണ് അവരുടെമേല്‍ ചുമത്തിയിട്ടുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമേദിയുടെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്ണലിസ്റ്റിനെ കഴിഞ്ഞ ദിവസം ഇറാന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ തടവിലാണ്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്മിറ്റഡ് ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് (സിപിജെ) എന്ന സംഘടന രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുന്നതുകൊണ്ട് മാത്രം സര്‍ക്കാരിനെതിരെയുള്ള ദേശീയ പ്രക്ഷോഭം മറച്ചുവയ്ക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.
അതേസമയം അമിനിയുടെ മരണത്തെ തുടര്‍ന്ന് ഒന്‍പതാം ദിവസവും പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുന്നറിയിപ്പുമായി ഇറാന് ഭരണകൂടം രംഗത്തെത്തി. രാജ്യത്തെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി അറിയിച്ചു.
നിലവിലെ പ്രതിഷേധങ്ങളെ കലാപമെന്ന് വിളിച്ചായിരുന്നു റെയ്സി ഇക്കാര്യം അറിയിച്ചത്. ക്രമസമാധാനവും സുരക്ഷയും തകര്‍ക്കുന്നതും പ്രതിഷേധവും തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന്റെ ആവശ്യകതയും റെയ്സി ഊന്നിപ്പറഞ്ഞു.ഇതുവരെ അന്‍പതിലധികം പേരാണ് പ്രതിഷേധങ്ങളില്‍ കൊലചെയ്യപ്പെട്ടത്. നൂറിലധികം പേരെ അറസ്റ്റുചെയ്തു. രാജ്യത്തെ 31 പ്രവിശ്യകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: