ലഖ്നൗ: ബോളിവുഡ് നടി കങ്കണ റണാവത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനിലെ ക്ഷേത്രദര്‍ശനം നടത്തിയത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. ഉത്തര്‍പ്രദേശിലെ മഥുരാ ലോക് സഭാ മണ്ഡലത്തില്‍ കങ്കണ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന മാധ്യമവാര്ത്തകള്ക്കിടെയായിരുന്നു വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാറി ക്ഷേത്രം കങ്കണ റണാവത്ത് സന്ദര്‍ശിച്ചത്.
ഈ വാര്‍ത്തകളോട് ‘നല്ലത് എന്നായിരുന്നു ഇപ്പോഴത്ത മഥുരാ എംപിയായ നടി ഹേമമാലിനിയുടെ പ്രതികരണം. “ഇതേക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ് എല്ലാം കൃഷ്ണഭഗവാനാണ് തീരുമാനിക്കുന്നത്. എന്താണ് ചെയ്യേണ്ടതെങ്കില്‍ അദ്ദേഹം അത് ചെയ്യുന്നു”- ഇതായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.
തന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ ‘എമര്‍ജന്‍സി’ എന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കൃഷ്ണഭഗവാന്റെ അനുഗ്രഹം തേടിയാണ് താന്‍ മഥുരയില്‍ എത്തിയതെന്നും കങ്കണ പറഞ്ഞു. ഇതില്‍ ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുകയും ചെയ്യുന്നു. ഈ സിനിമയുടെ ട്രെയിലര്‍ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. ഒരു കോടി പേര് ഈ ട്രെയിലര്‍ യുട്യൂബില്‍ വീക്ഷിച്ചിരുന്നു.
കങ്കണ മത്സരിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിനും ഹേമമാലിനി പ്രതികരിച്ചിരുന്നു- “മഥുരയില്‍ ലോക്കല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ ഇവിടത്തുകാര്‍ ഇഷ്ടപ്പെടുന്നില്ല. സിനിമാതാരങ്ങളെ മാത്രമാണ് നിങ്ങള്‍ക്കാവശ്യം”. 2014ലും 2019ലും ഹേമമാലിനിയായിരുന്നു മഥുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കടുത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് കങ്കണ റണാവത്ത് കുടുംബസമേതം കഴിഞ്ഞ ദിവസം മഥുരയിലെ വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രം സന്ദര്‍ശിച്ചത്. “കൃഷ്ണന്റെയും രാധയുടെയും ദര്‍ശനം സിദ്ധിച്ചത് ഞങ്ങളുടെ ഭാഗ്യം” – കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും കങ്കണ ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: