ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎയും ഇ ഡിയും ചേര്‍ന്നു നടത്തിയ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡിന്റെ പേര് ഓപ്പറേഷന് ഒക്ടോപ്പസ്. ഒക്ടോപ്പസ് എന്നാല്‍ നീരാളി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഐബി, റോ എന്നിവയടക്കം പതിനഞ്ചിലേറെ കേന്ദ്ര ഏജന്‍സികളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. അര്‍ധ സൈനിക വിഭാഗങ്ങളുടെ 86 പ്ലറ്റൂണുകളെയാണ് എന്‍ഐഎയെ സഹായിക്കാന്‍ നിയോഗിച്ചത്.
ആന്ധ്രാപ്രദേശ് (4 സ്ഥലങ്ങള്‍), തെലങ്കാന (1), ഡല്‍ഹി (19), കേരളം (11), കര്‍ണാടക (8), തമിഴ്നാട് (3), ഉത്തര്‍പ്രദേശ് (1), രാജസ്ഥാന് (2), ഹൈദരാബാദ് (5), അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, ബീഹാര്‍, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. നിരവധി അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പിഎഫ്ഐക്കും അതിന്റെ നേതാക്കന്മാര്ക്കും അംഗങ്ങള്‍ക്കുമെതിരെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ധാരാളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തീവ്രവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും സായുധ പരിശീലനം നല്കുന്നതിനുമായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വ്യക്തികളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ പിഎഫ്ഐ നേതാക്കളും അണികളും പ്രവര്‍ത്തിച്ചുവെന്ന വിവരങ്ങളുടെയും തെളിവുകളും അടിസ്ഥാനത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: