പി. മോഹനന് പിള്ള
കശ്യപപ്രജാപതിക്ക് കദ്രു എന്ന പത്നിയില്‍ ജനിച്ച പുത്രരായ എട്ടു നാഗരാജക്കളില് ജേഷ്ഠനും ശ്രേഷ്ഠനുമായ അനന്തഭഗവാനെ തനതായ രൂപത്തില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്ന ക്ഷേത്രമാണ് മാവേലിക്കര താലൂക്കിലെ കറ്റാനത്തിനു സമീപമുള്ള ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രം.
ഈ ക്ഷേത്രസങ്കേതത്തിനു നാഗാരാധനയുടെ പരമപ്രധാന്യം വിളിച്ചറിയിക്കുന്ന ഒരു ഐതിഹ്യമുണ്ട്. വിഷ്ണുവിന്റെ അവതാരമൂര്‍ത്തിയായ ശ്രീ പരശുരാമന് ബ്രാഹ്മണര്‍ക്ക് വസിക്കുവാനായി മഴുവെറിഞ്ഞു കടലിനെ അകറ്റി കരയുണ്ടാക്കിയതായി ചരിത്രരേഖകളില്‍ പറയുന്നു. കരയായി പരിണമിച്ചയിടത്ത് മനുഷ്യ ജീവിതം അസാദ്ധ്യമായി. ഭൂതലമാകെ പാമ്പുകളെക്കൊണ്ടു വര്ഗ്ഗങ്ങളെക്കൊണ്ടും ജലമാകെ കടലോരു കൊണ്ടും നിറഞ്ഞു.ഈ ദുഃസ്ഥിതി കണ്ട് മനംനൊന്ത പരശുരാമന് കൈലാസനാഥനോടു സങ്കടമുണര്‍ത്തിച്ചു. അനന്തപത്മനാഭനു മാത്രമെ ഇതിനു പോംവഴി കാണാന്‍ സാധിക്കുകയുള്ളു എന്ന പരമശിവന്റെ അരുളിപ്പാടിനെ തുടര്‍ന്ന് പരശുരാമന് ഗന്ധമാദന പര്‍വതത്തിലെത്തി ഘോര തപസ്സനുഷ്ഠിച്ച് അനന്തപത്മനാഭനെ പ്രത്യക്ഷപ്പെടുത്തി.
പരശുരാമന് സങ്കടങ്ങള്‍ കേട്ട, പരമകാരുണ്യവാനായ അനന്തന് തന്റെ അനുയായികളായ സര്‍പ്പദൈവങ്ങളെ വെട്ടിക്കോട്ടെക്ക് അയച്ചു. ഉച്ഛ്വാസവായു കൊണ്ട് ജലത്തിലെ കടലോര് മാറ്റുകയും, പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയെ പാട്ടിലാക്കുകയും ചെയ്തു. തുടര്‍ന്ന് അസുര ശില്പിയായ മയനെ കൊണ്ട് അനന്തഭഗവാന്റെ വിഗ്രഹം നിര്‍മ്മിച്ചു. ഇതിലേക്ക് പരശുരാമന് അനന്തസ്വാമിയെ ആവാഹിച്ച് വെട്ടി കൂട്ടിയ മണ്ണില്‍ പ്രതിഷ്ഠിക്കുവാന്‍ ആഗ്രഹിച്ചു. ഇതറിഞ്ഞ് അവിടെ പ്രത്യക്ഷപ്പെട്ട കൈലാസനാഥന് പരശുരാമനില്‍ നിന്നും ദക്ഷിണ സ്വീകരിക്കുകയും, ബ്രഹ്മാവ് മുഹൂര്‍ത്തം കല്പിക്കുകയും ചെയ്തതായിട്ടാണ് ഐതിഹ്യം. വെട്ടിക്കോട് നാഗരാജാവ് ബ്രഹ്മ -വിഷ്ണു – മഹേശ്വര തേജസ്സുകളുടെ സമ്മൂര്ത്തരൂപമായി കണ്ട് ആചാരങ്ങള്‍ നടത്തി വരുന്നു.
മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ ആചാരാനുഷ്ഠനാങ്ങള്ക്ക് വളരെയധികം വ്യത്യസ്തയുണ്ട്. ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് ഇവിടെ അഭിഷേകവും നിവേദ്യ സമര്‍പ്പണവും നടത്തിവരാറ്. സൂര്യന് ഉദിക്കുന്നതിനു മുമ്പായി പ്രഭാത പൂജകള്‍ പൂര്‍ത്തിയാകും. ഉച്ചക്കു മുമ്പായി ഉച്ചപൂജയും പൂര്‍ത്തിയാക്കും. എന്നാല്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു ഭക്തര്‍ എത്തിച്ചേരുന്ന ഞായറാഴ്ചകളില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥം ഉച്ചപൂജയുടെ സമയം നീളാറുണ്ട്. വൈകിട്ട് വിളക്കുവെയ്പ് മാത്രമേ ഉള്ളു. വര്‍ഷത്തില്‍ കന്നി, തുലാം മാസങ്ങളിലെ പൂയത്തിനു മാത്രമെ ക്ഷേത്രത്തില്‍ ദീപാരാധന നടത്താറുള്ളൂ. കന്നിമാസത്തിലെ ആയില്യം മുതല്‍ ഇടവമാസത്തെ ആയില്യം വരെ ഏകാദശി ഒഴിച്ചുള്ള എല്ലാ ഞായറാഴ്ചകളിലും നൂറുംപാലും വഴിപാട് നടത്തി വരുന്നു. കുംഭമാസത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ബലഭദ്ര ജയന്തി ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തി വരുന്നു.
കന്നിമാസത്തിലെ ആയില്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം. തലേന്ന് പൂയം നാളില്‍ സര്വാഢംബര വിഭൂഷിതരായ നാഗരാജാവിന്റെയും, നാഗയക്ഷിയുടേയും ദീപാരാധന ദര്‍ശിക്കുന്നത് വലിയ ഭാഗ്യമാണ്. അന്ന് പലവിധ വാദ്യങ്ങള്‍ മുഴക്കി ഭഗവനു സേവ നടത്തുന്നു. നട അടച്ചതിനു ശേഷം പുറത്ത് കഥകളി നടത്താറുണ്ട്. ആയില്യംനാള്‍ പ്രഭാത പൂജകള്‍ക്കു ശേഷം ഉച്ചക്ക് സര്‍വാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ ശ്രീകോവിലില്‍ നിന്നും ഇല്ലത്തേക്ക് എഴുന്നെള്ളിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തി സര്പ്പബലിനല്കി ക്ഷേത്രം അടക്കും. മകം നാളില്‍ ഇളനീരില്‍ ശുദ്ധികലശം ആടുന്നതോടുകൂടി ഉത്സവത്തിനു സമാപ്തിയാകും. ആലപ്പുഴ ജില്ലയിലെ കായംകുളം -പുനലൂര്‍ സംസ്ഥാന പാതയോടു ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളത്തിനും അടൂരിനും ഇടയില്‍ കറ്റാനത്തിനു സമീപമാണ് ക്ഷേത്രം. റെയില്‍ മാര്‍ഗ്ഗം എത്തുന്നവര്‍ കായംകുളം സ്റ്റേഷനില്‍ ഇറങ്ങിയാല്‍ വേഗത്തില്‍ ക്ഷേത്രത്തില്‍ എത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: