കോഴിക്കോട് : ദേശീയ അന്വേഷണ ഏജന്‍സിയുടെ രാജ്യവ്യാപക തെരച്ചിലും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ ഒളിവില്‍. പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ. റൗഫ് എന്നിവരാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിവില്‍ പോയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടിങ്ങും തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം എന്‍ഐഎയും ഇഡിയും രാജ്യ വ്യാപകമായി തെരച്ചില്‍ നടത്തിയത്. അതേസമയം നേതാക്കളെ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ് നടത്തിയപ്പോള്‍ തന്നെ മറ്റ് പിഎഫ്ഐ നേതാക്കള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും ലഭിച്ചിരുന്നില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശേഷം ഇവര്‍ മുങ്ങുകയായിരുന്നു.
റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകുമെന്നും കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചത്. പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലാണെന്ന് വാര്‍ത്താക്കുറിപ്പിറക്കുകയായിരുന്നു. ഇത് പുറത്തുവന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ച നേതാക്കളെ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ് പോലീസ്.
ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനായാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അന്വേഷിക്കുന്നത്. കേരളത്തിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നീളുന്നതും നേതാക്കള്‍ മുങ്ങാന്‍ കാരണമായിട്ടുണ്ട്.
അതേസമയം വെള്ളിയാഴ്ച ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അരങ്ങേറി അക്രമ സംഭവങ്ങളില്‍ 157 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. 170 പേര് അറസ്റ്റിലായിട്ടുണ്ട്. 368 പേരെ കരുതല്‍ത്തടങ്കലിലാക്കി. കൂടുതല്‍ സംഘര്ഷംനടന്ന ഈരാറ്റുപേട്ട ഉള്‍പ്പെട്ട കോട്ടയം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ അറസ്റ്റുണ്ടായത്, 87 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: