വാഷിംഗ്ടണ്‍: മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ ചെസില്‍ പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. 17കാര്‍ തമ്മിലായിരുന്നു മത്സരമെന്നത് ശ്രദ്ധേയമായി. 17കാരന്‍ പ്രഗ്നാനന്ദയും 17കാരന്‍ ജര്‍മ്മനിയുടെ വിന്‍സന്‍റ് കെയ്മറും. പ്രിലിം റൗണ്ടില്‍ പ്രഗ്നാനന്ദ തോല്‍പിച്ചതിനാല്‍ മിക്കവാറും ക്വാര്‍ട്ടറില്‍ പ്രഗ്നാനന്ദ തന്നെ ജയിക്കുമെന്ന് എല്ലാവരും കരുതി.
നാല് ഗെയിമുകളുള്ള പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ വിന്‍സന്‍റ് കെയ്മര്‍ ജയിച്ചു. പിന്നീടുള്ള രണ്ട് ഗെയിമുകളും സമനിലയിലായി. നാലാമത്തെ നിര്‍ണ്ണായക ഗെയിമിലും വിന്‍സന്‍റ് കെയ്മര്‍ പ്രഗ്നാനന്ദയെ തോല്‍പിച്ചു. ഇതോടെ പ്രഗ്നാനന്ദ പുറത്തായി. വിന്‍സന്‍റ് കെയ്മര്‍ സെമിയില്‍ കടക്കുകയും ചെയ്തു. പ്രഗ്നാനന്ദ ജയിച്ചിരുന്നെങ്കില്‍ ജൂലിയസ് ബെയര്‍ ചെസില്‍ ഒരു പ്രഗ്നാനന്ദ-മാഗ്നസ് കാള്‍സന്‍ പോരാട്ടമുണ്ടാകുമെന്ന ചെസ് പ്രേമികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി.
ഇന്ത്യയുടെ മറ്റൊരു താരമായ അര്‍ജുന്‍ എരിഗെയ്സി സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ 15കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ ക്രിസ്റ്റഫര്‍ യൂവിനെ തോല്‍പിച്ചാണ് അര്‍ജുന്‍ എരിഗെയ്സി സെമിയിലെത്തിയത്. ഈ ടൂര്‍ണ്ണമെന്‍റിലെ പ്രിലിം റൗണ്ടില്‍ പ്രഗ്നാനന്ദയെ തോല്‍പിച്ച് വാര്‍ത്ത സൃഷ്ടിച്ച അപകടകാരിയായ കളിക്കാരനാണ് ക്രിസ്റ്റഫര്‍ യൂ. കടുത്ത പരീക്ഷണമാണ് അര്‍ജുന്‍ എരിഗെയ്സിക്ക് യൂവില്‍ നിന്നും നേരിടേണ്ടിവന്നത്. ഇരുവരും മാറി മാറി ജയിച്ചതിനാല്‍ ആറ് മത്സരങ്ങള്‍ വേണ്ടി വന്നു. ആദ്യ ജയം എരിഗെയ്സിക്കായിരുന്നു. പിന്നാലെ യൂ ജയിച്ചു. വീണ്ടും എരിഗെയ്സി ജയിച്ചു. നാലാം ഗെയിമില്‍ വീണ്ടും യൂവിന് ജയം. അഞ്ചാം ഗെയിം എരിഗെയ്സി ജയിച്ചു. ആറാം ഗെയിമില്‍ സമനിലയില്‍ കുരുക്കിയതോടെ എരിഗെയ്സി ജയം ഉറപ്പിച്ചു.
ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ പ്രശസ്തനായ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ചാണ് സെമിയില്‍ സ്ഥാനമുറപ്പിച്ചത്. നാല് റൗണ്ട് മത്സരത്തില്‍, ആദ്യ മത്സരത്തില്‍ ലെവോണ്‍ ആരോണിയന്‍ ജയത്തോടെ മാഗ്നസ് കാള്‍സനെ ഞെട്ടിച്ചതാണ്. എന്നാല്‍ പതറാതെ മാഗ്നസ് കാള്‍സണ്‍ അടുത്ത മൂന്ന് മത്സരങ്ങളിലും ജയിച്ചു.
വിയറ്റ്നാം താരം ലെ ക്വാങ് ലിയെം ടൂര്‍ണ്ണമെന്‍റില്‍ വിവാദ പുരുഷനായ അമേരിക്കയുടെ ഹാന്‍സ് നീമാനെ തോല്‍പിച്ചാണ് സെമി കണ്ടത്. ആദ്യ ഗെയിം ലെ ക്വാങ് ലിയെം ജയിച്ചു. രണ്ടാം ഗെയിം ഹാന്‍സ് നീമാന്‍ ജയിച്ചു. മൂന്നാം ഗെയിം സമനിലയില്‍ അവസാനിച്ചു. നിര്‍ണ്ണയകമായ നാലാം ഗെയിമില്‍ ലെ ക്വാങ് ലിയെം ജയിച്ചു. പ്രിലിം റൗണ്ടില്‍ ഹാന്‍സ് നീമാനുമായി കളിച്ച മാഗ്നസ് കാള്‍സന്‍ ഒരൊറ്റ നീക്കത്തിന് ശേഷം ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്മാറിയിരുന്നു. ഹാന്‍സ് നീമാന്‍ ഇതിന് തൊട്ടുമുന്‍പ് നടന്ന സിന്‍ക്വെഫീല്‍ഡ് ടൂര‍്ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചിരുന്നു. ഇത് ചതിയിലൂടെയായിരുന്നു എന്ന് ആരോപിച്ച കാള്‍സന്‍ പിന്നീട് ഹാന്‍സ് നീമാനുമായി മത്സരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ഹാന്‍സ് നീമാനുമായുള്ള മത്സരം കളിക്കാതെ പിന്‍മാറിയതോടെ പോയിന്‍റ് നഷ്ടമായ മാഗ്നസ് കാള്‍സന്‍ പക്ഷെ പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് ജൂലിയസ് ബെയര്‍ കപ്പില്‍ ഒന്നാമനായാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ച് സെമിയില്‍ കടക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: