കോഴിക്കോട് : ഹര്‍ത്താലെന്ന പേരില്‍ മതതീവ്രവാദികള്‍ സംസ്ഥാനം മുഴുവന്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ലഭിച്ച സഹായങ്ങളുടെ പ്രത്യുപകാരമായാണ് പിണറായി വിജയന്റെ ഈ നടപടികളെന്നും സുരേന്ദ്രന് പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ചുവിടുന്നത്. സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീര്‍ത്ഥ യാത്രക്കാര്‍ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
തിരുവനന്തപുരം ബാലരാമപുരത്ത് കടകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഹര്‍ത്താല്‍ തലേന്ന് രാത്രി മുതല്‍ തീവ്രവാദികള്‍ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെയും വലിയ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. സര്‍വീസ് നടത്തിയ നിരവധി ബസുകളാണ് അടിച്ചു തകര്‍ത്തത്. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണ് തകര്‍ത്തു. പൊലീസ് എല്ലാ സ്ഥലത്തും നിഷ്ക്രിയമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികള്‍ക്ക് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. ഇതോടെ കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമായി. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: