ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകരുടെ തിക്കും തിരക്കും. ഹൈദരാബാദ് ജിംഘാന മൈതാനത്ത് വ്യാഴാഴ്ചയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്ക് കാര്യമായി പരിക്കും പറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സെപ്റ്റംബര്‍ 25-ന് ആണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്നത്. ഇതിന്റെ ടിക്കറ്റുകള്‍ വാങ്ങുന്നതിന് വലിയ ജനത്തിരക്കാണ് ജിംഘാന മൈതാനത്ത് അനുഭവപ്പെട്ടത്. മൂവായിരം ടിക്കറ്റുകളാണ് ജിംഘാന ഗ്രൗണ്ടിലെ കൗണ്ടറില്‍നിന്ന് വിറ്റഴിക്കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 30,000-ല്‍ അധികം പേരാണ് ടിക്കറ്റ് വാങ്ങാന്‍ എത്തിയത്. ടിക്കറ്റിനായി രാവിലെ മുതല്‍ ആരാധകര്‍ മൈതാനത്ത് കൂടിയിരുന്നു. ഇതിനിടയില്‍ തിക്കുംതിരക്കും രൂപപ്പെടുകയായിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ജനങ്ങളെ പിരിച്ചുവിടുന്നതിന് പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും സുരക്ഷിതരാണെന്നും നിസാര പരുക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: