കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിക്കാന്‍ താത്പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നത്. നെഹ്റു കുടുംബവുമായി അടുപ്പമുള്ള രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ടിന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയരുന്നതും. ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നു വരികയാണ്.
കോണ്‍ഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം. അധ്യക്ഷന്‍ ആരായാലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്നാണ് രാഹുല്‍ മുമ്പ് അറിയിച്ചിരുന്നത്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാത്തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റായാലും താന്‍ രാജസ്ഥാന് മുഖ്യമന്ത്രിയായി തുടരുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് പറഞ്ഞു. ഇരട്ടിപ്പദവി പ്രശ്നമല്ലെന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകാന്‍ തനിക്കു കഴിയും. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് ആഗ്രഹം. താന്‍ പാര്‍ട്ടിയുടെ സേവകനാണ്. പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും ഗേഹ്ലോട്ട് പ്രതികരിച്ചു.
ഗേഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. പ്രസിഡന്റായാല്‍ ഗേഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരുന്നതിനോടു ഹൈക്കമാന്‍ഡിനും യോജിപ്പില്ല. പകരം സംവിധാനം കൊണ്ടുവരുമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. എന്നാല്‍ രാജിവെയ്ക്കേണ്ടി വന്നാല്‍ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്നാണ് ഗേഹ്ലോട്ട് മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: