തിരുവനന്തപുരം: ഒട്ടുമിക്ക എല്ലാ വീടുകളിലും തന്നെ ബേക്കറി ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്റ് ഉണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വ്യക്തികള്‍ വരെ ഏവര്‍ക്കും ഏറെ താത്പര്യമുള്ള ഉത്പ്പന്നങ്ങളാണവ. ബിസ്ക്കറ്റ്, ബേക്കറി ഉത്പ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുന്നതിലൂടെ ഓരോ മാസവും വലിയൊരു തുക തന്നെ നിങ്ങള്‍ക്ക് സമ്പാദിക്കുവാന്‍ സാധിക്കും. എന്നാല്‍, ബേക്കറി ബിസിനസിലും ചില കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതു നിങ്ങള്‍ക്ക് നഷ്ടത്തിന്റെ കണക്കുകളാകും നല്‍കുക. പ്രധാനമായും ബേക്കറി തുടങ്ങുന്ന പ്രദേശത്തെ ആശ്രയിച്ചാകും വരുമാനത്തിന്റെ ഗതിയും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയില്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ദോഷകരമായി തന്നെ മാറും. എല്ലാത്തരം ഭക്ഷ്യസുരക്ഷ പരിശോധനകളും ഉത്പന്നങ്ങളുടെ കാലവധി അവസാനിക്കുന്ന തീയതി കൃത്യമായി പാലിക്കണം.
അതേസമയം, ബേക്കറി പോലുള്ള ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ധനസഹായവും നിങ്ങള്‍ക്ക് ലഭിക്കും. അതായത് സര്‍ക്കാര്‍ പിന്തുണയോടെ സൗകര്യപ്രദമായി സംരംഭം ആരംഭിക്കുവാന്‍ സാധിക്കുമെന്നര്‍ഥം. കേന്ദ്ര സര്‍ക്കാറിന്റെ സംരംഭ സഹായ പദ്ധതിയായ മുദ്ര സ്കീമിലൂടെ ബിസിനസ് ആരംഭിക്കുന്നതിനായി സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ബിസ്കറ്റുകള്‍, കേക്കുകള്‍, ചിപ്സ്, ബ്രഡ് തുടങ്ങിയ ബേക്കറി ഉത്പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ഒരു പ്ലാന്റ് തയ്യാറാക്കുവാനും, ലോ കപ്പാസിറ്റി മെഷിനറികള്‍ സജ്ജീകരിക്കുവാനും ഒപ്പം അസംസ്കൃത വസ്തുക്കള്‍ക്കുമുള്ള ചിലവ് നിക്ഷേപമായി വരും. മുദ്ര പദ്ധതി സഹായത്തോടെയാണ് സംരംഭം ആരംഭിക്കുന്നത് എങ്കില്‍ നിങ്ങള്‍ വെറും 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും. ആകെ ചിലവാകുന്ന തുകയുടെ 80 ശതമാനം സര്‍ക്കാറില്‍ നിന്നും ലഭ്യമാകും. ഇതിനായി സര്‍ക്കാര്‍ തന്നെ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. ബേക്കറി ഉത്പ്പന്ന സംരംഭം ആരംഭിക്കുന്നതിലൂടെ എളുപ്പത്തില്‍ ഏറ്റവും ചുരുങ്ങിയത് ഓരോ മാസവും 40,000 രൂപയെങ്കിലും നേടുവാന്‍ സംരംഭകര്‍ക്ക് സാധിക്കും.
മൂലധനം ഇങ്ങനെ സംരഭത്തിനായി ആകെ വരുന്ന പ്രൊജക്ട് കോസ്റ്റ് 5.36 ലക്ഷം രൂപയായിരിക്കും. നിങ്ങളുടെ പക്കല്‍ 1 ലക്ഷം രൂപയുണ്ടെങ്കില്‍ ബാക്കി തുക മുദ്ര വായ്പയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതാണ്. മുദ്ര പദ്ധതിയ്ക്ക് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 2.87 ലക്ഷം രൂപയുടെ ടേം ലോണും 1.49 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവുമായാണ് ബാങ്കില്‍ നിന്ന് സംരംഭകര്‍ക്ക് അനുവദിച്ചു നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: