വാഷിംഗ്ടണ്‍ ഡിസി: കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് 30ലധികം പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും കഴിഞ്ഞ 8 വര്‍ഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ സംയുക്ത സംരംഭങ്ങളില്‍ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്ഐബിസി) സംഘടിപ്പിച്ച ചര്‍ച്ചയില്‍ ബിസിനസ്സ് പ്രമുഖര്‍ക്ക് പുറമേ, നാസ പ്രതിനിധികള്‍, അമേരിക്കന്‍ ചിന്തകര്‍, ഫെഡറല്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ഭൗമ നിരീക്ഷണത്തിനായി എന്ഐഎസ്എആര് (നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) എന്ന പേരില്‍ ഒരു സംയുക്ത റഡാര്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു. ചന്ദ്രയാന്‍1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (എംഒഎം), ചന്ദ്രയാന്‍2 തുടങ്ങിയ ദൗത്യങ്ങളില്‍ ഐഎസ്ആര്‍ഒയ്ക്ക് നാസയില്‍ നിന്ന് ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് ആന്റിന പിന്തുണ ലഭിക്കുന്നുണ്ടെന്നും ഈ പിന്തുണ ചന്ദ്രയാന്‍3 ദൗത്യത്തിനും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ബഹിരാകാശ പരിഷ്കാരങ്ങള്‍ കണക്കിലെടുത്ത്, ബഹിരാകാശ സംവിധാനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണം, വികസനം എന്നിവയ്ക്കായി സംയുക്തമായി സ്വകാര്യ മേഖലകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ നിരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യവും ഉപഗ്രഹ ഡാറ്റയും ഉപയോഗിക്കുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. അറബിക്കടലിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇന്ത്യയിലെയും യുഎസിലെയും ശാസ്ത്രസംഘങ്ങള്‍ ചേര്‍ന്ന് ‘ഇകെഎഎംഎസ്എടി’ എന്ന ഇന്ത്യയുഎസ്എ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നും, അറബിക്കടലില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷണ കപ്പലുകള്‍ ഉപയോഗിച്ച് സംയുക്ത ശാസ്ത്ര സഹകരണത്തില്‍ ഏര്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു. മണ്‍സൂണ്‍, ചുഴലിക്കാറ്റ്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ കൂടുതല്‍ കൃത്യമായ പ്രവചനത്തിന് ഇത് സഹായിക്കും.
പ്രധാനപ്പെട്ട രോഗങ്ങള്‍ മനസ്സിലാക്കുന്നതിനും പുതിയ ചികിത്സാ, രോഗനിര്‍ണയ സംവിധാനങ്ങളും വാക്സിനുകളും വികസിപ്പിക്കുന്നതിനുമായി നിരവധി പരിപാടികളില്‍ ഇരു രാജ്യങ്ങളിലെയും ശാസ്ത്ര സമൂഹവും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രീ ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: