മോസ്കോ: റഷ്യ-ഉക്രൈന് യുദ്ധം ഏഴ് മാസം പിന്നിട്ട സാഹചര്യത്തില്‍ റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ മൂന്ന് ലക്ഷത്തോളം വരുന്ന കരുതല്‍ സൈനികരെ അണിചേരാന്‍ പ്രഖ്യാപനം നടത്തി പുടിന്. ഇതോടെ ഒരു വിഭാഗം റഷ്യന്‍ പൗരന്മാര്ക്ക് സൈനിക സേവനം നിര്‍ബന്ധമാകും. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പ്രതിരോധത്തില്‍ ഉക്രൈനെ സഹായിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന് കടുത്ത മുന്നറിയിപ്പും നല്കി. റഷ്യയെ ദുര്‍ബലപ്പെടുത്താനും വിഭജിക്കാനും നശിപ്പിക്കാനും പടിഞ്ഞാറന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ അവരുടെ എല്ലാ അതിര്‍ത്തികളും കടന്നിരിക്കുകയാണ്. ‘പാശ്ചാത്യ ഭീഷണികള്‍ക്ക്’ മറുപടി നല്കാന് റഷ്യയ്ക്ക് ‘ധാരാളം ആയുധങ്ങള്‍’ ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ആണവ ഭീഷണിയും ഉയര്‍ത്തിക്കാട്ടി.
‘പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഉക്രൈനില്‍ സമാധാനം പുലരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിനായി റിസര്‍വ് സൈന്യത്തെ സജ്ജമാക്കണമെന്ന ജനറല്‍ സ്റ്റാഫിന്റെ തീരുമാനത്തോട് താന്‍ യോജിക്കുകയാണെന്ന് പുടിന് വ്യക്തമാക്കി.
‘നമ്മുടെ രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടെങ്കില്‍, നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. അത് ഒരു മണ്ടത്തരമല്ല,’ പുടിന് പറഞ്ഞു. കിഴക്കന്‍, തെക്കന്‍ ഉക്രൈനിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ റഷ്യയുടെ അവിഭാജ്യ ഘടകമായി മാറുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ പദ്ധതിയിട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്
റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാന്‍ നടത്തുന്ന ഹിതപരിശോധന വെളളി മുതല്‍ ചൊവ്വ വരെ നടത്തുമെന്ന് ലുഹാന്‍സ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സന്‍, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 24നു തുടങ്ങിയ യുദ്ധം ശനിയാഴ്ച ഏഴ് മാസം പിന്നിടുകയാണ്. അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള ഉക്രൈന്റെ ശ്രമങ്ങള്‍ വിജയം കാണുന്ന ദിനങ്ങളിലാണ് റഷ്യ ഹിതപരിശോധനയുമായി രംഗത്തുവന്നത്. വോട്ടെടുപ്പുഫലം അനുകൂലമായാല്‍ ഉക്രൈനിന്റെ 15% ഭൂപ്രദേശങ്ങള്‍ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകും. അതിന് ശേഷവും ഉക്രൈന് ഇവിടെ സൈനിക നീക്ക നടത്തുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനായിരിക്കും റഷ്യയുടെ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: