ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസനിധിയായ പിഎം കെയേഴ്സില്‍ പ്രധാനമന്ത്രിയെ വിശ്വസിച്ച് കോടികളാണ് ഒഴുകിയെത്തുന്നത്. അത് മികച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നത്. പക്ഷെ ഇടയ്ക്കിടെ പിഎം കെയേഴ്സിന്റെ വിശ്വാസ്യതയെ കോടതിയില്‍ ചോദ്യം ചെയ്ത് ‘വെടക്കാക്കാന്‍’ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സിവില്‍സൊസൈറ്റി, മനുഷ്യാവകാശ തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ല. കാരണം ബോര്‍ഡിലേക്ക് വിശ്വാസ്യതയുടെ പര്യായപദങ്ങളായ മൂന്ന് ഉന്നത വ്യക്തിത്വങ്ങള്‍ കൂടി ചേരുകയാണ്. ടാറ്റാ സണ്‍സ് ചെയര്മാന് എമിരറ്റസ് രത്തന്‍ ടാറ്റയും ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയും പിഎംകെയേഴ്സ് ബോര്‍ഡില്‍ എത്തിക്കഴിഞ്ഞു. പിഎം കെയേഴ്സിന്റെ യോഗത്തില്‍ ബുധനാഴ്ച ആദ്യമായി അവര്‍ പങ്കെടുത്തു.
അതുപോലെ മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ്, മുന്‍ ലോക് സഭാ സ്പീക്കര്‍ കരിയ മുണ്ട എന്നിവരും ബോര്‍ഡ് ട്രസ്റ്റികളായി എത്തും. ഇതിന് പുറമെ ട്രസ്റ്റിക്ക് ഒരു ഉപദേശകസമിതിയും ഉണ്ടാകും. ഇതില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്റിഷി, മുന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് അധ്യക്ഷ കൂടിയായ സുധാ മൂര്‍ത്തി, ടീച്ച് ഫോര്‍ ഇന്ത്യ സഹസ്ഥാപകന്‍ ആനന്ദ് ഷാ എന്നിവര്‍ പുതിയ അംഗങ്ങളാകും. ഈ പുതിയ ട്രസ്റ്റികളും ഉപദേശകരും ബുധനാഴ്ച മോദി അധ്യക്ഷത വഹിച്ച പിഎം കെയേഴ്സ് യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ കുറെ നാളുകളായി പിഎം കെയേഴ്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ വരെ ഹര്‍ജികള്‍ എത്തിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഒരു തടയിടാന്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയരെ തന്നെ ബോര്‍ഡിലും ഉപദേശസമിതിയിലും മോദി തന്നെ അംഗങ്ങളാക്കിയത്. ഇതോടെ പിഎം കെയേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വിപുലമായ കാഴ്ചപ്പാടുണ്ടാകുമെന്ന് മോദി പറഞ്ഞു. ഈ പുതിയ അംഗങ്ങളുടെ പൊതുജീവിതത്തിലെ സമ്പന്നമായ അനുഭവങ്ങള്‍ ഈ ഫണ്ടിനെ വിവിധ പൊതു ആവശ്യങ്ങള്‍ ഉതകുന്ന തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.
കുട്ടികള്‍ക്കായി പിഎം കെയേഴ്സ് നടപ്പാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഏകദേശം 4345 കുട്ടികളെ പിഎം കെയേഴ്സ് പിന്തുണയ്ക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് എന്നിവരും സന്നിഹിതരായിരുന്നു.
പിഎം കെയേഴ്സിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്ത് അലഹബാദ് കോടതിയില്‍ ഹര്‍ജികള്‍ എത്തിയിരുന്നെങ്കിലും ഈ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും ഈ ഹര്‍ജികള്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: