തിരുവനന്തപുരം : കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി യൂണിറ്റില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കണ്‍സഷനായി കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ എത്തിയ മകള്‍ രേഷ്മയേയും ആക്രമിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.
സംഭവത്തില്‍ കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് ആദ്യം ചുമത്തിയിരുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ കാട്ടാക്കട ആശുപത്രിയില്‍ ചികിത്സയിലാണ് മര്‍ദ്ദനമേറ്റ പ്രേമനന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: