ന്യൂദല്‍ഹി: അടിച്ചുപൂസായതിന്റെ പേരില്‍ പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ജര്‍മ്മനിയില്‍ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ആം ആദ്മി പാര്‍ട്ടി ഈ ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് സത്യമെന്തെന്ന് അറിയാന്‍ അന്വേഷണം നടത്തുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. “ഇത് ഇന്ത്യയ്‌ക്ക് പുറത്തുള്ള മണ്ണില്‍ നടന്ന സംഭവമാണ്. ഇതിന്റെ വസ്തുതയെന്താണെന്നത് ഉറപ്പുവരുത്തണം. എനിക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും ഇക്കാര്യം അന്വേഷിക്കും,- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ജര്‍മ്മനിയില്‍ എട്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അനിഷ്ട സംഭവം. പഞ്ചാബിലേക്ക് മൂലധനം സമാഹരിക്കാന്‍ എത്തിയതായിരുന്നു ആംആദ്മി മുഖ്യമന്ത്രിയായ ഭഗ് വന്ത് മാന്‍.
ഭഗ് വന്ത് മാന്‍ കുടിച്ചുപൂസായ അവസ്ഥയിലായതിനാല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ദല്‍ഹിയിലേക്ക് തിരിക്കുന്ന ലുഫ്താന്‍സ വിമാനത്തില്‍ നിന്നും ഇറക്കിവിടുകയായിരുന്നെന്ന് ശിരോമണി അകാലി ദള്‍ നേതാവ് സുഖ് ബീര്‍ സിങ്ങ് ബാദല്‍ ആരോപിച്ചിരുന്നു. ഇത് മൂലം നാല് മണിക്കൂര്‍ നേരം വിമാനം വൈകിയെന്നും സുഖ് ബീര്‍ സിങ്ങ് ബാദല്‍ പ്രസ്താവിച്ചിരുന്നു. ഇത് മൂലം ഭഗ് വന്ത് മാനിന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ്ങ് ബജ് വയും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് കത്തയച്ചിരുന്നു. എന്നാല്‍ വിമാനം മാറ്റേണ്ടി വന്നതിനാലാണ് നാല് മണിക്കൂര്‍ യാത്ര വൈകിയതെന്നാണ് ലുഫ് താന്‍സയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: