വാഷിംഗ്ടണ്‍: മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ കപ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ വെള്ളം കുടിപ്പിച്ച് പ്രഗ്നാനന്ദ. 15 മിനിറ്റിനകം വേഗത്തില്‍ കരുക്കള്‍ നീക്കി കളി അവസാനിപ്പിക്കുന്ന റാപ്പിഡ് ചെസില്‍ തുടക്കം മുതലേ പ്രഗ്നാനന്ദ മുന്നിലായിരുന്നു. തോല്‍ക്കും എന്നുറപ്പായ ഘട്ടത്തില്‍ നിന്നും തിരിച്ചുവന്ന് മാഗ്നസ് കാള്‍സണ്‍ സമനിലയ്‌ക്ക് വേണ്ടി പൊരുതി. ഒടുവില്‍ പ്രഗ്നാനന്ദ സമനില വഴങ്ങിയപ്പോള്‍ കാള്‍സണ്‍ തംപ്സ് അപ് കാട്ടിയും കയ്യടിച്ചും പ്രഗ്നാനന്ദയെ അഭിനന്ദിച്ചു.
അന്താരാഷ്‌ട്ര ചെസ് ലൈവ് സൈറ്റുകള്‍ കാള്‍സണ്‍-പ്രഗ്നാനന്ദ പോരാട്ടത്തെ ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ ടൂര്‍ണ്ണമെന്‍റിലെ താരം പ്രഗ്നാനന്ദ തന്നെ. മാഗ്നസ് കാള്‍സന് മേലുള്ള ആധിപത്യമാണ് പ്രഗ്നാനന്ദയെ ലോക ചെസ് ലേഖകരുടെ താരമാക്കി മാറ്റുന്നത്. ചെസ് ലോകത്ത് ചക്രവര്‍ത്തിയായി വാഴുന്ന മാഗ്നസ് കാള്‍സനെ ഇതുപോലെ അനായാസം പഞ്ഞിക്കിടാന്‍ ഇന്ന് ലോകത്ത് അധികം ചെസ് താരങ്ങളില്ല എന്നതാണ് പ്രഗ്നാനന്ദയുടെ മാറ്റ് കൂട്ടുന്നത്.
ലോകപ്രശസ്തരായ 16 താരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ എറ്റവും മികച്ച പ്രകടനം നടത്തിയ എട്ടു പേര്‍ സെപ്തംബര്‍ 22ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. സെപ്തംബര്‍ 23ന് സെമിയും സെപ്തംബര്‍ 25ന് ഫൈനലും നടക്കും.
അഞ്ച് റൗണ്ട് പിന്നിട്ടപ്പോള്‍ ചെറിയൊരു മുന്‍തൂക്കത്തില്‍ മാഗ്നസ് കാള്‍സനായിരുന്നു മുന്നില്‍. എന്നാല്‍ ആറാം റൗണ്ടില്‍ അമേരിക്കയുടെ ഹാന്‍സ് നീമാനുമായുള്ള മത്സരത്തില്‍ ഒരു നീക്കം മാത്രം നടത്തിയ ശേഷം കാള്‍സണ്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. വലിയ ഞെട്ടലുണ്ടാക്കി. കാള്‍സനും ഹാന്‍സ് നീമാനും തമ്മില്‍ കഴിഞ്ഞ ദിവസം സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ കാള്‍സന് തോല്‍വി പിണഞ്ഞെങ്കിലും നീമാന്‍ തന്നെ വഞ്ചിച്ചെന്നാണ് കാള്‍സന്റെ ആരോപണം. ഇതിനാലാണ് ചൊവ്വാഴ്ച ജൂലിയസ് ബെയര്‍ ടൂര്‍ണമെന്‍റില്‍ നീമാനുമായുള്ള മത്സരം കളിക്കാതെ തന്നെ കാള്‍സന്‍ പിന്‍മാറിയത്. മാഗ്നസ് കാള്‍സന് നീമാനുമായി കളിക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥ സംജാതമായിരിക്കുകയാണെന്ന് പറയപ്പെടുന്നു. എന്തായാലും നീമാനുമായുള്ള പിന്‍മാറ്റത്തെക്കുറിച്ച് കാള്‍സന്‍ മൗനം പാലിക്കുകയാണ്. ഈ പിന്‍മാറ്റം തോല്‍വിയായി പരിഗണിച്ചതോടെ പോയിന്‍റ് നിലയില്‍ കാള്‍സന്‍ പിന്നിലായി.
ഇതോടെ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയാണ് പോയിന്‍റ് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തും മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇവാഞ്ചുക്ക് നാലാം സ്ഥാനത്തും ഹാന്‍സ് നീമാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
പ്രഗ്നാനന്ദ മികച്ച ഫോമിലാണ്. ആദ്യ മൂന്ന് റൗണ്ടില്‍ വിശ്വോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരെയാണ് തോല്‍പിച്ചത്. വാസില്‍ ഇവാഞ്ചുക്, പോളണ്ടിന്റെ ജന്‍ ക്രിസ്റ്റഫ് ഡുഡ, ബോറിസ് ഗെല്‍ഫാന്‍റ് എന്നിവരെ പ്രഗ്നാനന്ദ അനായാസം തോല്‍പിച്ചു. പക്ഷെ അമേരിക്കന്‍ ടീനേജ് താരമായ 15കാരന്‍ ക്രിസ്റ്റഫര്‍ യൂവില്‍ നിന്നും പ്രഗ്നാനന്ദ പരാജയം ഏറ്റുവാങ്ങി. അഞ്ചാം റൗണ്ടില്‍ മാഗ്നസ് കാള്‍സനുമായി സമനില.
മാഗ്നസ് കാള്‍സനും ഫോമിലായിരുന്നു. ആദ്യ റൗണ്ടുകളില്‍ ഇന്ത്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍മാരായ അധിപന്‍ ഭാസ്കരന്‍, അര്‍ജുന്‍ എരിഗെയ്സി, ലിയെം ക്വാങ് ലെ എന്നിവരെ മാഗ്നസ് കാള്‍സണ്‍ തോല്‍പ്പിച്ചിരുന്നു. പിന്നീട് പ്രഗ്നാനന്ദയുമായി സമനില കിട്ടി. അതിന് ശേഷമാണ് ഹാന്‍സ് നീമാനുമായുള്ള മത്സരത്തില്‍ നിന്നും ഒരു നീക്കം മാത്രം നടത്തി പിന്‍മാറിയത്. ഒന്നരലക്ഷം ഡോളറാണ് സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: