തൃശൂര്‍: തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍ അധ്യാപക നിയമനത്തെച്ചൊല്ലി സംഘര്‍ഷം. അധ്യാപകര്‍ തമ്മില്‍ കൈയാങ്കളി. ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമായ അധ്യാപികയെ കൈയേറ്റം ചെയ്തു. പരിക്കേറ്റ വനിതാ അധ്യാപിക ചികിത്സ തേടി. ദേവസ്വം ബോര്‍ഡ് മെമ്പറുടെ ആത്മഹത്യയും വിവാദമാകുന്നു.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ വന്‍ തുക കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് വനിതാ അധ്യാപികക്ക് നേരെയുള്ള കൈയാങ്കളിയിലെത്തിയത്.
റാങ്ക് ലിസ്റ്റില്‍ ഒന്നാമനായയാളെ മറികടന്ന് സിപിഎം നിര്‍ദേശപ്രകാരം മറ്റൊരാളെ നിയമിക്കാനാണ് നീക്കം നടക്കുന്നതെന്ന് പറയുന്നു. ഒന്നാം റാങ്കുകാരനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വഴി ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ഇന്നലെ ഇതേച്ചൊല്ലി അധ്യാപകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും സിപിഎം അനുകൂലികളായ ചില അധ്യാപകര്‍ ഒന്നാം റാങ്കുകാരന് വേണ്ടി വാദിച്ച അധ്യാപികയെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ അധ്യാപിക തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ കെമിസ്ട്രി വിഭാഗത്തിലെ നിയമനവുമായി ബന്ധപ്പെട്ടും വന്‍ വിവാദമാണ് ഉയരുന്നത്. പുതുതായി നിയമിക്കപ്പെട്ട അധ്യാപകന് ജോലി ഉറപ്പാകണമെങ്കില്‍ കടമ്പകളേറെ. നിലവില്‍ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന ഡോ. ശോഭയെ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ വിവേകാനന്ദ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. സീനിയോറിട്ടി പ്രകാരം കേരളവര്‍മ്മയില്‍ ഡോ. ശോഭയെ പ്രിന്സിപ്പലാക്കേണ്ടതായിരുന്നു. ഇതൊഴിവാക്കാനാണ് ഡോ. ശോഭയെ ജൂനിയര്‍ കോളജായ വിവേകാനന്ദയിലേക്ക് മാറ്റിയത്. കേരളവര്‍മ്മയില്‍ പാര്‍ട്ടിക്കാരനായ പ്രിന്‍സിപ്പലിനെ നിയമിക്കുകയും ചെയ്തു.
ഇപ്പോള്‍ കെമിസ്ട്രിയില്‍ നിന്ന് മറ്റൊരാളെക്കൂടി വിവേകാനന്ദയിലേക്ക് മാറ്റിയാലേ പുതുതായി നിയമിച്ച അധ്യാപകന് നിയമന സാധുത ലഭിക്കുകയുള്ളൂ. അങ്ങിനെ ചെയ്യണമെങ്കില്‍ വിവേകാനന്ദയില്‍ കെമിസ്ട്രി മെയിനിലില്ലാത്തതിനാല് ഡോ. ശോഭയെ തിരികെ കേരളവര്‍മ്മയിലേക്ക് മാറ്റണം. സീനിയോറിട്ടി പരിഗണിച്ച് അവരെ കേരളവര്‍മ്മയില്‍ പ്രിന്‍സിപ്പലാക്കുകയും വേണം. വന്‍തുക കോഴ വാങ്ങി അധ്യാപക നിയമനം നടത്തുന്നതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അധ്യാപക നിയമനത്തിന് വന്‍ തുക കോഴ വാങ്ങിയെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന സിപിഐ നേതാവ് എം.ജി. നാരായണന് ഇക്കഴിഞ്ഞ ആഗസ്ത് 22 ന് ആത്മഹത്യ ചെയ്തിരുന്നു. നാരായണന് നിര്‍ദേശിച്ചവര്‍ക്ക് ജോലി ലഭിക്കാതായതോടെ പണം നല്കിയവര് സമ്മര്‍ദ്ദം ചെലുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പുറത്തുവന്ന വിവരം. പണം നല്കിയവര് സിപിഐ നേതൃത്വത്തെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. നാല് ഒഴിവുകളുടെ പേരില്‍ ഒട്ടേറെപ്പേരുടെ കയ്യില്‍ നിന്ന് വന്‍ തുക പിരിച്ചെടുത്തിട്ടുണ്ട്. നിയമനം ലഭിക്കാത്തവര്‍ക്ക് തുക മടക്കി നല്കാമെന്നാണത്രെ കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: