മുണ്ടമറ്റം രാധാകൃഷ്ണന്
ഒരു രാജ്യത്ത് ആസ്ഥാനവിദ്വാന്റെ ഒഴിവുണ്ടായി. ഒഴിവുനികത്താന്നടത്തുന്ന വിദ്വദ്സദസ്സില് താത്പര്യവും യോഗ്യതയുമുള്ളവര്‍ പങ്കെടുക്കണം. ഈ വിവരം രാജകിങ്കരന്മാര് ചെണ്ടകൊട്ടി നാട്ടിലുടനീളം അറിയിച്ചു. ദൈവത്തിന്റെ പ്രതീകങ്ങളാണെന്നനിലയില് വേഷഭൂഷാദികളണിഞ്ഞ് ധാരാളമാളുകള്‍ എത്തി. ഓരോരുത്തരും വാതുറന്നപ്പോഴാണ് തനിനിറം വെളിവായത്. യോഗ്യതയുള്ള ഒരാളും ആകൂട്ടത്തിലുണ്ടായിരുന്നില്ല. തോല്‍വിയും നിരാശയും തലയ്ക്ക് പിടിച്ച ഏതാനും പേര് ഗൂഢാലോചനനടത്തി. ഒരു പമ്പരവിഡ്ഢിയെ ആസ്ഥാനവിദ്വാന്റെ പീഠത്തിലെത്തിച്ച് രാജാവിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. ഒരുപാട് അന്വേഷിക്കേണ്ടി വന്നില്ല. ഒരുത്തനെ കണ്ടുകിട്ടി. ഒരു മരത്തില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഒരുവനേക്കാള് വിഡ്ഢി ആരാണുള്ളത്! അങ്ങനെ ഒരുത്തനെ സര്വ്വാലങ്കാരഭൂഷിതനാക്കി രാജസന്നിധിയിലെത്തിച്ചു. ആരെന്തുചോദിച്ചാലും ആംഗ്യഭാഷയില്‍ മാത്രമേ പ്രതികരിക്കാവൂ എന്നു ചട്ടംകെട്ടി. ചോദ്യങ്ങള്‍ക്കെല്ലാം അവന് കാണിച്ച ഗോഷ്ടികളെ വലിയതത്വങ്ങളായും ദര്‍ശനങ്ങളായും അവനെ കൊണ്ടുവന്നവര്‍ വ്യാഖ്യാനിച്ചു. അങ്ങനെ അവന് വിദ്വാനായി.
നെഹ്റുകുടുംബത്തിന്റെ മാത്രം സ്വത്തായ കോണ്‍ഗ്രസ്സിലെ ഇളമുറത്തമ്പുരാനെ വേഷം കെട്ടിച്ച് ഊരുചുറ്റിക്കുന്നതുകണ്ടപ്പോള് ഈ കഥ ഓര്‍ത്തുപോയി. ഇദ്ദേഹം എഐസിസി പ്രസിഡന്റായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു വന്‍പരാജയമാണുണ്ടായത്. സ്വന്തം കഴിവുകേടുബോധ്യപ്പെട്ട ശ്രീമാന്‍ പദവി ഉപേക്ഷിച്ചു. പാര്‍ട്ടിക്കു നാഥനില്ലാതായി. പാരമ്പര്യവും പക്വതയുമുള്ളവര്‍ പാര്‍ട്ടിവിട്ടു. ബാക്കിയുള്ളവര്‍ അങ്കലാപ്പിലായി. പിടിപ്പില്ലായ്മ സ്വയമറിഞ്ഞ് പാര്‍ട്ടിവിട്ട് ഊരുചുറ്റും വാലിബനായി അര്‍മാദിച്ചുനടന്ന ഇളമുറത്തമ്പുരാന് തന്നെ ശരണം. വേഷംകെട്ടിച്ചു കന്യാകുമാരിയില്‍ നിന്നു കാശ്മീരിലേയ്ക്കു നടത്തുകയാണ്. ഒന്നും പറയാനില്ലാത്തതിനാല്‍ മോദി, ആര്‍എസ്എസ് വിരോധം ഛര്‍ദ്ദിച്ച് സ്വയംനാറ്റിച്ചു നടക്കുകയാണ്.
നെഹ്റു ഒഴികെയുള്ള ആ കുടുംബത്തലെ എല്ലാവരും സ്വന്തം പേരിനോട് ഗാന്ധി എന്ന വാല് കൂട്ടികെട്ടിയിട്ടുണ്ട്. ഗാന്ധിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും ആദരവും ചുളുവില്‍ സ്വന്തമാക്കാനുള്ള കുറുക്കുവഴിയാവാം ഇതിനു പിന്നില്‍. അതോ അര്‍ഹതയില്ലാതിരുന്ന പ്രധാനമന്ത്രിപദം നേരല്ലാത്തവിധത്തില് നേടികൊടുത്തതിനുള്ള ഉപകാരസ്മരണയോ! നെഹ്റു ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നില്ല. അമേരിക്കന്‍ അംബാസിഡറായിരുന്ന ഗാല്ബ്രെയിത്തിനോട് അദ്ദേഹം പറഞ്ഞു. ‘I am the last English man to rule India‘. എന്റെ ഇഷ്ടാനിഷ്ടങ്ങളില്‍ ഇന്ത്യക്കാരനെന്നതിലുപരി ഞാന്‍ ഇംഗ്ലീഷ്കാരനാണ്. അവരുടെ കാഴ്ചപ്പാടിലൂടെയാണ് ഞാന്‍ ലോകത്തെ കണ്ടത്’. നെഹ്റു ഇന്ത്യാക്കാരാനല്ലായെന്നല്ലേ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാന്ധിജിയുടെ നിര്‍ദ്ദേശം ഇല്ലായിരുന്നെങ്കില്‍ നെഹ്റു ഒരിക്കലും പ്രധാനമന്ത്രിയാകുമായിരുന്നില്ല. പട്ടേലോ നേതാജിയോ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ വിദേശികള്‍ ഇന്ത്യയായി തരംതാഴ്ത്തിയ ഭാരതത്തെ അവര്‍ വീണ്ടും ഭാരതമാക്കിയേനെ.
പ്ലേബോയ് എന്നതിന് അഴകിയരാവണന് എന്നു പറയാമെങ്കില്‍ അതായിരുന്നു നെഹ്റു. പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം ജീവിതം ആസ്വദിക്കുന്നതിനുള്ള മറയാക്കി. എഡ്വിനാ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ മുമ്പില്‍ പല്ലിളിച്ച് നടുവുവളച്ചു നില്ക്കുന്ന നെഹ്റുവിന്റെ ചിത്രം ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യത്തെ നാണെകെടുത്തി. 1961ല്‍ നെഹ്റു അമേരിക്ക സന്ദര്‍ശിച്ചു. അതിനെപ്പറ്റി സ്റ്റാന്‍ലി വോള്‍പേര്‍ട്ട് എന്ന അമേരിക്കന്‍ ചരിത്രകാരന് ഇങ്ങനെ എഴുതി: ദീര്‍ഘമായ യാത്ര അദ്ദേഹത്തെ ക്ഷീണിതനാക്കി. എന്നാല്‍ ജാക്വിലിനെ (കെന്നഡിയുടെ ഭാര്യ) കണ്ടതോടെ ക്ഷീണമെല്ലാം മറന്ന് ഉഷാറായി. ജാക്വിലിന് സഹോദരിയോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നു എന്നറിഞ്ഞ നെഹ്റു ആവേശഭരിതനായി. തന്റെ ഭവനത്തില്‍ താമസിക്കാമെന്നും എഡ്വിന മൗണ്ട് ബാറ്റണ്‍ സ്ഥിരമായുപയോഗിച്ച മുറി തന്നെ അവര്‍ക്കും കൊടുക്കാമെന്നും പറഞ്ഞു. തന്റെ പ്രായവും സന്ദര്ശനോദ്ദേശ്യവുമെല്ലാം അദ്ദേഹം മറന്നു. പിന്നീട് കെന്നഡി പറഞ്ഞു, ”ഏറ്റവും മോശപ്പെട്ട കൂടിക്കാഴ്ചയായിരുന്നു നെഹ്റുവുമായി ഉണ്ടായത്. തന്റെ ജീവിതത്തില്‍ അങ്ങനെയൊന്ന് മുമ്പ് ഉണ്ടായിട്ടില്ല”.
ഇനി നെഹ്റുവിന്റെ രാജ്യദ്രോഹത്തെപ്പറ്റി. 1947 ഒക്ടോബര്‍ 22ന് പാക്കിസ്ഥാന് പട്ടാളം ശ്രീനഗറിനടുത്തെത്തി. അങ്ങോട്ടു സൈന്യത്തെ അയയ്ക്കണമെന്ന് രാജാഹരിസിങ് ഇന്ത്യ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. പട്ടേല്‍ അനുകൂലിച്ചു. ലയനക്കരാര്‍ ഒപ്പിട്ടിട്ടില്ലെന്നതിനാല്‍ കശ്മീരില്‍ ഇടപെടാന്‍ ഗവണ്മെന്റിനു സാദ്ധ്യമല്ലെന്ന് പറഞ്ഞു മൗണ്ട് ബാറ്റന്. കശ്മീരിപണ്ഡിറ്റുകളും സ്ത്രീകളും കൂട്ടക്കൊലയ്ക്കിരയാകുമെന്ന് പറഞ്ഞിട്ടും അയാള്‍ വഴങ്ങിയില്ല. നെഹ്റുവും അയാളോടൊപ്പം നിന്നു. പാക്ക്പട്ടാളത്തിനു സമയം നീട്ടിക്കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. 1947ഒക്ടോബര്‍ 27ന് ഹരിസിങ് ലയനക്കരാറില്‍ ഒപ്പിട്ടു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി. എന്നിട്ടും നെഹ്റുമൗനം പാലിച്ചു. ഒടുവില്‍ പട്ടേല്‍ പൊട്ടിത്തെറിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ നെഹ്റു മുരണ്ടു. ”കശ്മീര്‍ നമുക്കു തന്നെ വേണം”. കൂടുതലൊന്നും പറയാന്‍ അനുവദിക്കാതെ പട്ടേല്‍, അടുത്തുനിന്ന സൈന്യാധിപനോട് പറഞ്ഞു, ‘ഉത്തരവു കിട്ടിയില്ലേ തുടങ്ങിക്കോളു.’ പട്ടേല്‍ ഇടപെട്ടതുകൊണ്ട് കശ്മീര്‍ ഇന്നും ഇന്ത്യയുടെ ഭാഗമാണ്. ഇല്ലെങ്കില്‍ നെഹ്റു അതുതന്റെ രക്തബന്ധമുള്ള ലഹോദരന് ഷെയ്ക്ക് അബ്ദുള്ളയ്ക്ക് സമ്മാനമായി കൊടുത്തേനേ.
മിര്‍പൂര്‍, ലഡാക്കിനു സമീപമുള്ള വളരെ തന്ത്രപ്രധാനമായ സ്ഥലമാണ്. നൂറുകണക്കിനു സിക്കുകാരും ഹിന്ദുക്കളും അവിടെയുണ്ട്. ആദ്യത്തെ പാക്കിസ്ഥാന് ആക്രമണത്തിനുശേഷം അവരെല്ലാം പാക്ക് പട്ടാളത്തിന്റെ തടവിലാണ്. ബല്‍രാജ് മധോക് ഉള്‍പ്പടെ കുറച്ചുപേര്‍ ബ്രിഗേഡിയര്‍ പരഞ്ജാപയെ കണ്ടു. മിര്‍പൂറില്‍ അടിയന്തിര പട്ടാളനടപടി ആവശ്യപ്പെട്ടു. അദ്ദേഹം ഒഴിവായി. അവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഷേക്ക് അബ്ദുള്ളയുടെ അനുമതി വാങ്ങണമെന്ന് നെഹ്റുവിന്റെ ഉത്തരവുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ കാണൂ. നെഹ്റുവിനെ കണ്ടപ്പോള്‍ അദ്ദേഹം അലറി, ”എന്തിന് നിങ്ങള്‍ എന്റടുത്തു വരണം, അബ്ദുള്ളയെ പോയി കാണൂ” അബ്ദുള്ള സമ്മതിയ്ക്കില്ല എന്നു പറഞ്ഞപ്പോള്‍ നെഹ്റു രൂക്ഷമായൊന്നു നോക്കി. അത്രതന്നെ. ഭയന്നതു തന്നെ സംഭവിച്ചു. പാക്കിസ്ഥാന് സിക്കുകാരെയും ഹിന്ദുക്കളെയും അരുംകൊല ചെയ്തു. മിര്‍പൂര്‍ പാക്കിസ്ഥാന്റേതായി. അതാണ് രാഷ്ട്രശില്പി നെഹ്റു!
ചൈന പ്രകോപനം സൃഷ്ടിച്ചു. ടിബറ്റ് യുഎന്നില്‍ പരാതിപ്പെട്ടു. ടിബറ്റ് യുഎന്നില്‍ അംഗമല്ലായിരുന്നു. അതിനാല്‍ അവരുടെ പരാതി പരിഗണിക്കപ്പെട്ടില്ല. വിഷയം യുഎന്നില്‍ അവതരിപ്പിക്കണമെന്ന് ടിബറ്റ് ഇന്ത്യയോടപേക്ഷിച്ചു. ചൈനയ്ക്കിഷ്ടപ്പെടില്ലെന്നതിനാല് നെഹ്റു വഴങ്ങിയില്ല. മാത്രവുമല്ല, ചൈനയുമായി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിയ്ക്കാന്‍ ഉപദേശിച്ചു. മറ്റുചില രാജ്യങ്ങളുടെ പ്രേരണയില്‍ ടിബറ്റ് പ്രശ്നം യുഎന്നില്‍ ചര്‍ച്ചയ്ക്കുവന്നു. നെഹ്റു എതിര്‍ത്തു. ആ പ്രശ്നം അന്തസ്സായി പരിഹരിച്ചുകൊള്ളാമെന്ന് ചൈന അദ്ദേഹത്തിനു വാക്കുകൊടുത്തിട്ടുണ്ടെന്നു പറഞ്ഞു. ചര്ച്ചനടന്നുമില്ല. ഇന്നു ടിബറ്റിന്റെ അവസ്ഥയെന്താണ്!
ചൈന അണുവിസ്ഫോടനം നടത്താനൊരുങ്ങുന്നുവെന്നറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി അതിന്റെ ഭവിഷ്യത്തു മനസ്സിലാക്കി. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയാണതു ചെയ്യേണ്ടത്, എല്ലാ സഹായവും ചെയ്യാമെന്നു പറഞ്ഞ് നെഹ്റുവിനു കത്തെഴുതി. അഹിംസയാണ് പരമമായ ധര്‍മ്മമെന്നും അതിനു നിരക്കാത്ത ഒന്നിലും താത്പര്യമില്ലെന്നും പറഞ്ഞു നെഹ്റു ഒഴിവായി. കെന്നഡിയുടെ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ ആക്രമിയ്ക്കാന്‍ ചൈന ധൈര്യപ്പെടുമായിരുന്നില്ല. 1959ല്‍ തെറ്റുകള്‍ സമ്മതിച്ചുകൊണ്ട് നെഹ്റു പറഞ്ഞു: Seven or Eight years ago I saw no reason to discuss the frontier with the Chinese government: because, foolishly if you like, I thought there was nothing to discuss. യുദ്ധത്തിലൂടെ ചൈന കൈയ്ക്കലാക്കിയ പതിനായിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇന്നും ചൈനയുടെ കയ്യിലാണ്. ഹിന്ദി ചീനി ഭായിഭായിയുടെ നേട്ടം.
നെഹ്റുവിന്റെ മണ്ടത്തരങ്ങള്‍ വിഡ്ഢികളുടെ ആവാസകേന്ദ്രമാക്കിയ ഇന്ത്യയെ പണ്ടത്തെ ഭാരതമാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് നരേന്ദ്രമോദിയെന്ന ഭാരതപുത്രന്. അപ്പോഴിതാ നെഹ്റു കുടുംബമെന്ന പല്ലിയുടെ മുറിഞ്ഞുവീണ വാല് വീണ്ടും പിടയ്ക്കുന്നു. കന്യാകുമാരിയില്‍ നിന്നു കാശ്മീരിലേയ്ക്ക് യാത്ര. പരാജയം സമ്മതിച്ച് പിന്മാറിയ രാഹുല്‍, ഓരോ ദിവസവും ശോഷിച്ചുവരുന്ന പാര്‍ട്ടിയെ നേരെയാക്കാന്‍ കഴിവില്ലാത്ത രാഹുല്‍, താന്‍ ജാഥയുടെ നേതാവല്ല ഒരു പങ്കാളിമാത്രമെന്നാണ് പറഞ്ഞത്. മോദി-ആര്‍എസ്എസ് വിരോധമല്ലാതെ ഒന്നും പറയാനില്ല. കേട്ടുമടുത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞ് സ്വയം നാറി, മറ്റുള്ളവരെനാറ്റിച്ച് മുന്നേറുകയാണ് അദ്ദേഹം. വഴിയില്‍ കാണുന്ന വിഷവൃക്ഷങ്ങളുടെയെല്ലാം തണലിലിരുന്ന്, ദേശസ്നേഹികളും യഥാര്‍ഥ ഗാന്ധിഭക്തന്മാരുമായിരുന്നവരുടെ സ്മൃതി മണ്ഡപങ്ങളില്‍ മൂത്രമൊഴിച്ചു മുന്നേറുകയാണ് അഭിനവ ആസ്ഥാനവിദ്വാന്‍. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വിസ്മൃതിയുടെ മഹാസാഗരത്തിലേയ്ക്കു നയിയ്ക്കുകയാണ് പാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: