വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. ഇതിന്റെ വക്താവായി മുഖ്യമന്ത്രി തന്നെ രംഗത്തുവരികയും ചെയ്യുന്നു. കേരളത്തെ തെക്കുവടക്ക് വെട്ടിമുറിക്കുകയും, വന്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന സില്‍വല്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങള്‍ ഇത് കാണുകയുണ്ടായി. സിപിഎമ്മും സര്‍ക്കാരും കൊട്ടിഘോഷിച്ച ഈ ആഡംബര പദ്ധതി കേരളത്തിന്റെ വികസനാവശ്യങ്ങളെയൊന്നും നിറവേറ്റുന്നില്ലെങ്കിലും, പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ യാത്രാ പ്രശ്നങ്ങള്‍ മാത്രമല്ല, വികസന പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന പ്രതീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ജനങ്ങളുടെ കടുത്ത പ്രതിഷേധവും, കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉറച്ച നിലപാടും മൂലം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ ഏറെക്കുറെ പിന്മാറിയ മട്ടാണ്. വികസനത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും, വമ്പന്‍ അഴിമതിയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും വ്യക്തമായത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി. വികസനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് മറ്റൊരു തിരിച്ചടികൂടി ലഭിച്ചിരിക്കുന്നു. കേരളം മുന്നോട്ടുവച്ച വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ തള്ളിയിരിക്കുന്നു. കോവളത്തു ചേര്‍ന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചകള്‍ പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമ്മില്‍ ചര്‍ച്ച നടന്നത്.
സിപിഎമ്മില്‍നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയ സദാചാരവും പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ബിജെപി. ഇതനുസരിച്ചു തന്നെയാണ് ബെംഗളൂരുവിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വീകരിച്ചതും, ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയതും. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചര്‍ച്ച നടന്നെങ്കിലും നയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളം നിര്‍ദേശിച്ച റെയില്‍വേ പദ്ധതികള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ക്കൂടി കടന്നുപോകുന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കുകയായിരുന്നു. പദ്ധതികള്‍ തത്വത്തില്‍ അംഗീകരിച്ചുവെന്നും, ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍നിന്ന് പത്രക്കുറിപ്പ് ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു പദ്ധതിയോടും കര്‍ണാടക സര്‍ക്കാരിന് സഹകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ തന്നെ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നും ഉണ്ടാകാതിരിക്കെ തിടുക്കത്തില്‍ കടകവിരുദ്ധമായി ഒരു വാര്‍ത്തകുറിപ്പ് ഇറക്കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. അത് വിജയിച്ചില്ലെന്നു മാത്രമല്ല, സര്‍ക്കാരിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. വന്യജീവി സങ്കേതമായ ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രികാലങ്ങളില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കര്‍ണാടക സര്‍ക്കാര്‍ തള്ളിയതും ഇടതുമുന്നണി സര്‍ക്കാരിന് നാണക്കേടായി.
വലിയ വിവാദത്തിനും എതിര്‍പ്പിനും ഇടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്നതിന് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും പിണറായി-ബൊമ്മൈ കൂടിക്കാഴ്ചയില്‍ നടന്നില്ല. ഇത് എന്തുകൊണ്ടാണെന്നതിന് യാതൊരു വിശദീകരണവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് പാര്‍ലമെന്റിലും കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിനെ അവഗണിച്ചും മുന്നോട്ടുപോകുമെന്നാണ് പിണറായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് ബിജെപി ഭരണമുള്ള കര്‍ണാടകയെ കൂട്ടുപിടിച്ചാല്‍ മറികടക്കാമെന്ന ധാരണയിലാണ് ഈ പദ്ധതി മംഗലാപുരം വരെ നീട്ടാമെന്നു പ്രഖ്യാപിച്ചതത്രേ. എന്നാല്‍ വികസന കാര്യത്തില്‍, രാഷ്ട്രീയ പ്രേരിതമായല്ല ബിജെപി സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നതെന്ന് മനസ്സിലാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. വികസന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നയമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും പിന്തുടരുന്നത്. ഇതുകൊണ്ടാണല്ലോ നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഉയര്‍ന്നുവന്ന ഗുജറാത്തു മോഡലിനെ സിപിഎം നഖശിഖാന്തം എതിര്‍ത്തത്. ഗുജറാത്തിലെ വികസന മാതൃകകളെക്കുറിച്ചറിയാന് അവിടം സന്ദര്‍ശിച്ച മന്ത്രിമാരെപ്പോലും സിപിഎം വേട്ടയാടി. ബിജെപി മുഖ്യമന്ത്രിയായ ബൊമ്മൈയുമായി വികസനത്തിനുവേണ്ടിയുള്ള ചര്‍ച്ച ഒരു നയംമാറ്റമാണെങ്കില് അത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഉദ്ദേശ്യശുദ്ധി തെളിയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: