ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനങ്ങളുടെ ലേലത്തിനു തുടക്കം. 1200 ഓളം വരുന്ന വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഓണ്‍ലൈനിലൂടെ ലേലം നടത്തുന്നത്. മോദിയുടെ ജന്മദിനമായ ശനിയാഴ്ച ആരംഭിച്ച ലേലം ഒക്ടോബര്‍ രണ്ടുവരെ നീണ്ടു നില്ക്കും. ഇത് നാലാം വട്ടമാണ് ഇ ലേലം നടക്കുന്നത്.
2019ല്‍ 1805 സമ്മാനങ്ങളും രണ്ടാം റൗണ്ടില്‍ 2,772 എണ്ണവും ലേലം ചെയ്തിരുന്നു. 2021ലെ മൂന്നാം വട്ട ലേലത്തില്‍ 1348 സമ്മാനങ്ങളാണ് ഉണ്ടായിരുന്നത്. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് തിരഞ്ഞെടുത്ത സമ്മാനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സമ്മാനങ്ങളും അവയുടെ വിലയുമെല്ലാം pmmementos.gov.inല്‍ കാണാവുന്നതാണ്.
അപൂര്‍വ്വമായ പെയ്ന്റിങ്ങുകള്‍, പ്രതിമകള്‍, കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഷാളുകള്‍, തലപ്പാവുകള്‍, ആചാരപരമായ വാളുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. അയോധ്യ രാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം എന്നിവയുടെ മാതൃകകളുമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ ഉപയോഗിച്ച സ്പോര്‍ട്ട്സ് സാധനങ്ങള്‍, മറ്റ് ചാമ്പ്യന്‍ ഷിപ്പുകളിലും ഉപോയഗിച്ച വസ്തുക്കളും മോദിക്ക് സമ്മാനമായി ലഭിച്ചവയാണ് ലേലത്തിനു വച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള 25 വസ്തുക്കളാണ് ഉള്ളതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കിഷന് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യാഗേറ്റില്‍ സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ മാതൃക ശില്‍പ്പി അരുണ്‍ യോഗിരാജ് മോദിക്ക് സമ്മാനിച്ചതും ഇക്കൂട്ടത്തിലുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗാ പദ്ധതിക്കായിട്ടാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: