തിരുവനന്തപുരം:മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം തമിഴ് ഭാഷയാണ് അല്ലാതെ സംസ്കൃതമല്ലെന്ന വിവാദപ്രസ്താവനയുമായി തമിഴ് എഴുത്തുകാരന് ജയമോഹന്. ഒരു മലയാളം ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയമോഹന്റെ ഈ പ്രസ്താവന.
ഇംഗ്ലീഷിന്റെ ക്ലാസിക്കല്‍ ഭൂതകാലം എന്നത് ഗ്രീക്കോ ലാറ്റിനോ ആണ്. അതുപോലെ മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം തമിഴ് ഭാഷതന്നെയാണ്. പക്ഷെ 17-18 നൂറ്റാണ്ടില്‍ മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം സംസ്കൃതമാണെന്ന് ആരൊക്കെയൊ തെറ്റിദ്ധരിപ്പിച്ചുവെന്നും ജയമോഹന് പറയുന്നു.
മലയാളി തമിഴിലേക്ക് പോകുമ്പോഴാണ് അവിടെ പദസമ്പത്തുണ്ടാകുന്നത്. അല്ലെങ്കില്‍ വാക്കുകളുടെ കൂമ്പാരം ഉണ്ടാകുന്നത്. പക്ഷെ മലയാളിക്ക് ചില തടസ്സങ്ങളുണ്ട്. കേരളത്തില്‍ തമിഴ്ച്ചുവയുള്ള മലയാളം പറയുന്ന ആളുകള്‍ അടിയാളരാണ്. ദളിതരാണ്. എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് ശ്യാമസുന്ദരപുഷ്പമേ എന്ന് പറയുമ്പോള്‍ അത് കവിതയാണെന്നും കറുത്ത ചന്തമുള്ള പൂവേ എന്ന് പറയുമ്പോള്‍ അത് കവിതയല്ലെന്നും മലയാളികള്‍ വിശ്വസിക്കുന്നത്. – ജയമോഹന് പറയുന്നു.
തമിഴില്‍ വിഷ്ണുപുരം, റബ്ബര്‍, പിന് തൊടരും നിഴലിന് കുറള്‍, കന്യാകുമാരി, കാട്, പനി മനിതന്, ഏഴാം ഉലകം, കൊട്രവൈ എന്നീ നോവലുകള്‍ രചിച്ച എഴുത്തുകാരനാണ് ജയമോഹന്. ഒട്ടേറെ തമിഴ് സിനിമകള്‍ക്ക് സംഭാഷണം എഴുതിയിട്ടുണ്ട് ജയമോഹന്. ഇതില്‍ കമല്‍ ഹാസന്റെ പാപനാശം, ശങ്കറിന്റെ രജനി ചിത്രം 2.0 തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: