Categories: Kerala

വകുപ്പുകളുടെ പ്രവര്‍ത്തന നിലവാരം ഉയരുന്നില്ല; വികസന വാചാലതയില്‍ സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ മറക്കുന്നു, സര്‍ക്കാരിനെതിരെ സിപിഐ

ഇടത് എംഎല്‍എമാരായ പി.വി. അന്‍വറിനും കെ.ടി.ജലീലിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കുന്നു.

Published by

തിരുവനന്തപുരം : സംസ്ഥാനത്ത ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളില്‍ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ അഭാവമുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഐ. പല വകുപ്പുകളുടേയും പ്രവര്‍ത്തന നിലവാരം ഉയരുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ജനകീയ സല്‍പ്പേരിനെ ദോഷകരമായി ബാധിക്കും. മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.  

മത സാമുദായിക ശക്തികളോട് സര്‍ക്കാര്‍ അനാവശ്യ മമത കാണിക്കുന്നു. വികസന വാചാലതയില്‍ പലരും സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ മറക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇത് കൂടാതെ ഇടത് എംഎല്‍എമാരായ പി.വി. അന്‍വറിനും കെ.ടി.ജലീലിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കുന്നു. ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.  

രണ്ടാം ഇടത് സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്‌ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. സമര രംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല.മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, അലന്‍ താഹ വിഷയങ്ങളില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ഇതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക