ന്യൂദല്‍ഹി:ദല്‍ഹിയിലെ ആന്റി കറപ്ഷന്‍ ബ്രാഞ്ച് (എസിബി) ദല്‍ഹിയിലെ ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു. ദല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തെ ദല്‍ഹി ആംആദ്മി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിനെ വന്അഴിമതിയെതുടര്ന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് നയത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബി ഐ അന്വേഷണം നടന്നുവരികയാണ്. ഇപ്പോള്‍ അമാനത്തുള്ള ഖാനും അറസ്റ്റിലായി.
രണ്ട് വര്‍ഷം മുന്‍പെടുത്ത കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചശേഷമായിരുന്നു അറസ്റ്റ്. അമാനുള്ള ഖാനുമായി ബന്ധപ്പെട്ട് നാല് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. അമാനുള്ള ഖാന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. റെയ്ഡില്‍ എംഎല്‍എയ്ക്കെതിരായ തെളിവുകള്‍ കിട്ടിയതായി പറയുന്നു.
അമാനത്തുള്ള ഖാന്റെ സുഹൃത്തായ ഹമീദ് അലിഖാന്റെ വീട്ടില്‍ നിന്നും ബെരെറ്റ പിസ്റ്റള്‍ കണ്ടെടുത്തിരുന്നു. 24 ലക്ഷം രൂപയും കണ്ടെടുത്തു. ലൈസന്‍സില്ലാത്ത ആയുധങ്ങലും തിരകളും കണ്ടെടുത്തിരുന്നു. എസിപിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അമാനുള്ള ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടയില്‍ വലിയ എതിര്‍പ്പുയര്‍ത്തി അനുയായികള്‍ മുന്നോട്ട് വന്നിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് രണ്ട് പുതിയ കേസുകള്‍ കൂടി ചുമത്തി.
വഖഫ് ബോര്‍ഡിലെ അനധികൃത നിയമനമാണ് പ്രധാന കുറ്റം. വഖഫ് ബോര്‍ഡിലെ നിലനില്ക്കുന്നതും നിലനില്ക്കാത്തതുമായ ഒഴിവുകളിലേക്ക് നടത്തിയ നിയമനങ്ങളെക്കുറിച്ച് റവന്യു വകുപ്പും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും പരാതിപ്പെട്ടിരുന്നു. 33 പേരെ അനധികൃതമായി അമാനുള്ള ഖാന് നിയമിച്ചതായി പരാതിക്കാരനായ ഹഫീസ് ഇര്‍ഷാദ് ഖുറേഷി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: