തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക റോഡുപണികളും തട്ടിക്കൂട്ട് ഏര്‍പ്പാടാണെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഓപ്പറേഷന്‍ സരള്‍ രാസ്ത 3 എന്ന പേരില്‍ കഴിഞ്ഞ ദിവസം 148 റോഡുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിജിലന്‍സ് വിദഗ്ധ സംഘം പരിശോധിച്ച 148 റോഡുകളില്‍ 67ലും നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം കുഴികള്‍ രൂപപ്പെട്ടെന്നും 19 റോഡുകളില്‍ നിശ്ചിത അളവിലും കുറച്ചാണ് ടാര്‍ ഉപയോഗിച്ചതെന്നും കണ്ടെത്തി.
തദ്ദേശ സ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ 24 റോഡുകളും കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ഒമ്പതു റോഡുകളുമാണ് പരിശോധിച്ചത്. തിരുവനന്തപുരം (40), കൊല്ലം (27), കണ്ണൂര്‍ (23), കോട്ടയം, എറണാകുളം, കാസര്‍കോട് (ആറു വീതം), പത്തനംതിട്ട, കോഴിക്കോട് (അഞ്ചു വീതം), പാലക്കാട്, ഇടുക്കി, വയനാട് (നാലു വീതം), ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം (മൂന്നു വീതം), റോഡുകളാണ് പരിശോധിച്ചത്.
148 റോഡുകളില്‍ 67ലും ആറു മാസത്തിനകം തന്നെ ചെറിയ കുഴികളുണ്ടായി. തിരുവനന്തപുരം (18), കൊല്ലം (10), പത്തനംതിട്ട (6), കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് (നാലു വീതം), ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് (മൂന്നു വീതം), ഇടുക്കി (രണ്ട്), മലപ്പുറം (ഒന്ന്), ഇത്രയും റോഡുകളിലാണ് കുഴികള്‍ രൂപപ്പെട്ടത്.
19 റോഡുകളില്‍ നിശ്ചിത അളവിലും കുറച്ചാണ് ടാര്‍ ഉപയോഗിച്ചത്. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നു വീതവും കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ടു വീതവും പത്തനംതിട്ട, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ റോഡുകളുമാണ് മതിയായ അളവില്‍ ടാറില്ലാതെ നിര്‍മിച്ചത്. കൊല്ലത്തെ ഒരു റോഡില്‍ റോളര്‍ പോലും ഉപയോഗിച്ചിട്ടില്ല. കോഴിക്കോട്ടെ ഒരു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു.
ശേഖരിച്ച റോഡ് സാമ്പിളുകള്‍ ലാബുകളിലയച്ച് ടാര്‍, മെറ്റല്‍, മണല്‍, ചിപ്‌സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണ പരിശോധന നടത്തും. ആഗസ്ത് 17ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 84 പിഡബ്ല്യൂഡി റോഡുകളും 23 എല്‍എസ്ജിഡി റോഡുകളും ഉള്‍പ്പെടെ 107 റോഡുകളിലെ സാമ്പിള്‍ ശേഖരിച്ചിരുന്നു. അവയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഈ മാസം ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ഇന്റലിജന്‍സ് വിഭാഗം എസ്പി ഇ.എസ്. ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: