രാജ്യത്താകമാനമുള്ള ജനങ്ങള്‍ എല്ലാം കാണുന്നു. എല്ലാം കേള്‍ക്കുന്നു. ഏതാണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നു. അതില്‍ മുന്നില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ്. മാറ്റത്തിനുവേണ്ടി ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ? മാറ്റം അത് വ്യക്തിപരമായല്ല രാജ്യത്തിനാകമാനമാണ്. അതിനനുസരിച്ച് തുരുമ്പിച്ച രാഷ്ട്രീയ ചിന്താധാരകളെ ഉപേക്ഷിക്കേണ്ടിവരും. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി അധികാരമേറ്റശേഷം സംഭവിക്കുന്ന ഗുണപരമായ മാറ്റമാണത്.
ത്രിപുര എന്നാല്‍ അറിയാമല്ലൊ. സിപിഎമ്മിന്റെ തട്ടകം. കാല്‍നൂറ്റാണ്ടായി ജയിക്കുന്നതും ഭരിക്കുന്നതും അവരായിരുന്നു. എന്നാല്‍ അഞ്ചാറ് വര്‍ഷം മുന്‍പ് കണ്ടില്ലെ. എല്ലാം കീഴ്മേല്‍മറിഞ്ഞു. ബിജെപിയുടെ യുവനേതാവ് ബിപ്ലവകുമാര്‍ മുഖ്യമന്ത്രിയായി. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ മുന്മുഖ്യമന്ത്രിക്ക് ഒരനുശോചന പ്രമേയം അവതരിപ്പിക്കാന്‍ പോലും ഒരാളെ ജയിപ്പിക്കാന്‍ സിപിഎമ്മിനായില്ല. തൃണമൂല്‍ കോണ്‍ഗ്രസിനാണ് അവിടെ മേല്‍ക്കൈ നേടാനായത്. ബിജെപിയും അവിടെ ശക്തിതെളിയിച്ചു. ജനാധിപത്യമര്യാദ ലവലേശം തൊട്ടുതീണ്ടാത്ത പ്രകൃതക്കാരിയാണ് മമത ബാനര്‍ജി എന്ന് പലതവണ തെളിയിച്ചതാണ്. അടുത്തിടെ അത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അവര്‍ക്കൊരു മടിയുമില്ല. മനസാക്ഷിയുമില്ല. അതല്ലെ ബിജെപി സമരത്തെ നേരിട്ട രീതി കണ്ടാല്‍ തോന്നുക. ‘ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത്’ എന്നതാണവരുടെ ശൈലി. ഇ ഡി ഉദ്യോഗസ്ഥരെയും സിബിഐയെയും തടഞ്ഞ് തടിമിടുക്ക് കാട്ടിയത് കണ്ടില്ലെ. ദ്യൂ, ധാമന് മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജയിച്ചവര്‍ ഒന്നടങ്കം രാജിവച്ചു. അവരും ബിജെപിയിലെത്തി.
രാഹുല്‍ ഭാരത് ജോഡോ യാത്ര തുടങ്ങി നാലുനാള്‍ പിന്നിടും മുന്‍പേ ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേര്‍ കോണ്‍ഗ്രസ് വിട്ടു. അവര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോ, ഡെലിയ ലോബോ, രാജേഷ് ഫല്‍ദേസായ്, കേദാര്‍ നായിക്, സങ്കല്‍പ്പ് അമോന്‍കര്‍, അലക്സിയോ സെക്കിറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് സേത് തനാവതെയുടെയും സാന്നിധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്. കോണ്‍ഗ്രസ് ഛോഡോ യാത്രയ്ക്ക് ഗോവയില്‍ തുടക്കമിട്ടിരിക്കുകയാണെന്ന് പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. ബിജെപിയില്‍ ലയിക്കാന്‍ തീരുമാനമറിയിച്ചുള്ള കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയതിന് ശേഷമാണ് ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഇതോടെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെറും മൂന്നും ബിജെപി എംഎല്‍എമാര്‍ 20 ല്‍ നിന്ന് ഇരുപത്തെട്ടുമായി. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ മൂന്നുപേരുള്‍പ്പെടെ ഏഴ് എംഎല്‍എമാരാണ് ഇപ്പോള്‍ പ്രതിപക്ഷത്തുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിട്ടുപോകില്ലെന്ന് രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം എംഎല്‍എമാര്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
ആസാമില്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കമറുല്‍ ഇസ്ലാം ചൗധരി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ലക്കും ലഗാനുമില്ലാത്ത നിലയിലാണെന്നാരോപിച്ച് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് രാജി പ്രഖ്യാപനം.
”ജനങ്ങള്‍ പറയുന്നത് ബിജെപിക്കൊപ്പം ചേരാനാണ്. ഞങ്ങള്‍ ജനപ്രതിനിധികളാണ്. അവരുടെ ശബ്്ദം കേള്‍ക്കേണ്ടത് കടമയാണ്. അതുകൊണ്ട് ബിജെപിയില്‍ ചേരുന്നു. ഗോവയിലെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ കോണ്‍ഗ്രസ് വിട്ടതിനുശേഷം പ്രതികരിച്ചതിങ്ങനെ: ”കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനൊന്നും ഇനിയാകില്ല. അതില്‍ മുഴുവന്‍ പ്രശ്നങ്ങളാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പോകുന്നില്ല. അത് പൂര്‍ത്തിയാകുമോ എന്നുതന്നെ കണ്ടറിയണം. മുതിര്‍ന്ന നേതാക്കളെല്ലാം അസംതൃപ്തിയിലാണ്. അവരെല്ലാം പാര്‍ട്ടിവിടും. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണല്ലോ നമ്മെ തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നാല്‍ അത് സാധ്യമാകില്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നത്.” ലോബോ പറഞ്ഞതങ്ങിനെയാണ്.
എംഎല്‍എ മാര്‍ക്ക് കൈക്കൂലി നല്കി കാലുമാറ്റിയതാണെന്നാണ് കൊണ്ടുപിടിച്ച പ്രചാരണം. ഗോവയില്‍ ഒരു എംഎല്‍എയ്ക്ക് 10 കോടി നല്കി എന്നാണ് ചൊല്ല്. പഞ്ചാബില്‍ നിന്ന് 10 എംഎല്‍എമാരെ കാലുമാറ്റാന്‍ നോക്കി എന്നാണ് ആപ്പിന്റെ പരാതി. ഒരു എംഎല്‍എയ്ക്ക് 40 കോടിയാണ്അവിടെ വിലയെന്നാണ് പരാതി. 35 എംഎല്‍എമാരെ സമീപിച്ചുവെന്നും പറയുന്നു. ഇത്രയും കാശുമായാണോ ബിജെപി പ്രതിനിധികള്‍ നടക്കുന്നത്? പറയുന്നതിലെന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ?
കാലുമാറ്റം ഇവിടെ മാത്രമല്ല നടന്നത്? കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റം നമ്മുടെ മുന്നിലുണ്ടല്ലോ. ലോനപ്പന് നമ്പാടന് സിപിഎമ്മിലേക്കല്ലേ കാലുമാറിയത്. രാക്കുരാമാനം കാവലിരുന്നു പിടിച്ചുകയറ്റി കൊണ്ടുപോയതല്ലേ? എത്ര കോടി നല്‍കിയെന്നാരെങ്കിലും പറഞ്ഞോ? ഏറ്റവും ഒടുവില്‍ ജോസ് കെ.മാണിയേയും കൂട്ടരേയും മുന്നണിമാറ്റി ഇടതുപക്ഷത്തോടൊപ്പം അടുപ്പിച്ചതിന്റെ മുടക്ക് മുതലെത്രയാണ്. നോട്ടെണ്ണുന്ന യന്ത്രം അടക്കമല്ലെ കെ.എം.മാണിയുടെ മകനേയും കൂട്ടരെയും കാലുമാറ്റിയത്. എത്ര തുക കിട്ടിയെന്ന് ജോസ് കെ.മാണി പറയുമോ? എത്രകൊടുത്തുവെന്ന് സിപിഎം പറയുമോ?
മണിപ്പൂരില്‍ ആറേ ആറ് എംഎല്‍എമാരാണ് ജെഒയുവിനുണ്ടായിരുന്നത്. 5 പേര് അതില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. അവര്‍ക്കും കാശുകൊടുത്തോ? ആരാണവര്‍ക്ക് കാശ് കൊടുത്തത്? പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? അവിടെ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അഞ്ച് എംഎല്‍എമാരുടെ കുറവുണ്ടായിരുന്നോ? ‘ചെകിളക്കടിച്ചാലും പള്ളക്കടിക്കരുത്’ എന്നുപറയാറുണ്ടല്ലെ. കള്ളം പറയുന്നവര്‍ അതെങ്കിലും ഓര്‍ത്താല്‍ നന്നായിരുന്നു.
ബീഹാറില്‍ ബിജെപിയുടെ ഘടകകക്ഷിയായ ജെഡിയു പെട്ടെന്ന് കാലുമാറി. എത്ര രൂപ കിട്ടിയെന്ന് നിതീഷ്കുമാര്‍ പറയുമോ? അല്ലെങ്കില്‍ ലാലുയാദവിന് എത്ര കൊടുത്തുവെന്ന് നിതീഷ് പറയുമോ? ഇല്ല. ഇതൊക്കെ ആദര്‍ശപരമായ മാറ്റമെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങിനെയൊരു മാറ്റം മറ്റ് പാര്‍ട്ടികള്‍ക്ക് പാടില്ലെന്നുണ്ടോ? ‘വായില്‍ വന്നത് കോതയ്ക്ക് പാട്ട്’ എന്നപോലെ ചാനല്‍ചര്‍ച്ചകളിലും പരസ്യപ്രസ്താവനകളിലും ബിജെപി കാശുമായി ഇറങ്ങിയിരിക്കുന്നു. ചാക്കുമായി കറങ്ങുകയാണെന്ന് പുലമ്പുന്നതിന്റെ അര്‍ത്ഥമെന്താണ്.
നരേന്ദ്രമോദിയുടെ ഏകാധിപത്യ പ്രവണതയെ എതിര്‍ക്കാനാണത്രെ രാഹുലിന്റെ യാത്ര. എന്നാണ് ആ ഏകാധിപത്യം. അത് ഇന്ദിരയുടെ അടിയന്തിരാവസ്ഥയെപോലെയാണോ? അത് അതിലും കൂടിയതാണോ? നരേന്ദ്രമോദി ഒരു നേതാവിനെയും വ്യക്തിപരമായി എതിര്‍ക്കുന്നില്ല. രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യും. കുടുംബാധിപത്യത്തെ വിമര്‍ശിക്കും. കള്ളപ്പണത്തെ വിമര്‍ശിക്കും. തീവെട്ടിക്കൊള്ള നടത്തുന്നതിനെ തുറന്നെതിര്‍ക്കും. ‘ഞാനായിട്ട് ഒരുകാശുപോലും ഖജനാവില്‍ നിന്നെടുക്കില്ല. ഒരുത്തനെയും എടുക്കാന്‍ അനുവദിക്കുകയുമില്ല’ എന്ന സത്യപ്രസ്താവന നടത്തിയ നരേന്ദ്രമോദിക്ക് ആരെ ഭയക്കണം! സത്യപ്രതിജ്ഞ അക്ഷരം പ്രതി പാലിക്കുന്ന പ്രധാനമന്ത്രി അടിസ്ഥാനവര്‍ഗത്തിന്റെ മോചനത്തിനായി പ്രയത്നിക്കുന്നു. അടിസ്ഥാന വര്‍ഗത്തിന്റെ ക്ഷേമത്തിനായി അദ്ധ്വാനിക്കുന്നു. രാഹുല്‍ നാലുമണിക്കൂറേ ഉറങ്ങുന്നുള്ളൂവെന്നാണ് ഇപ്പോള്‍ ചിലര്‍ എഴുതിപ്പിടിപ്പിക്കുന്നത്. കാലങ്ങളായി നരേന്ദ്രമോദി ചെയ്യുന്നത് അതാണ്. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രയത്നിക്കുന്നു. അങ്ങിനെയൊരാളെ ഏകാധിപതിയെന്നാക്ഷേപിക്കുന്നവര്‍ കഥ അറിയാതെ ആട്ടം കാണുകയാണ്. അത്തരക്കാരെ ജനങ്ങള്‍ ആട്ടിയോടിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: