തുളസി കോട്ടുക്കല്‍
അനുയോജ്യമായ വാക്കുകള്‍ ഉപയോഗിച്ച് സൃഷ്ടി നിര്‍വ്വഹിക്കുന്ന വ്യക്തിയെ നാം എഴുത്തുകാരന് എന്നു വിളിക്കുന്നു. പദങ്ങള്‍ അങ്ങനെ ഉപയോഗിക്കാനുള്ള അയാളുടെ കഴിവിനെ ‘ശക്തി’ എന്നും പറയുന്നു. ശക്തിയുള്ള സര്‍ഗധനരായ എഴുത്തുകാരുടെ ചില സൃഷ്ടികള്‍ ചില അവസ്ഥകളില്‍ അവയുടെ പൂര്‍ണ സ്വരൂപം സത്യസന്ധമായി ആര്‍ജിക്കുന്നത് കാണാം. വായനക്കാരന് ഇത് ആകസ്മികമായി സംഭവിക്കുന്നതാണെന്ന് തോന്നും. എന്നാല്‍, ഇത് അപ്രതീക്ഷിതമോ ആകസ്മികമോ അല്ല. സവിശേഷമായ എഴുത്തിന്ദ്രിയം കൊണ്ട് ആവാഹിച്ചെടുത്ത അനുഭവങ്ങളും സവിശേഷ കാഴ്ചകളും മൂര്‍ത്തരൂപത്തില്‍ പദങ്ങളുടെ അന്തഃസത്തയായി പ്രത്യക്ഷപ്പെട്ടതാവാം. മണി ചെന്താപ്പൂരിന്റെ മൂര്‍ഖന്‍ എന്ന കഥാസമാഹാരത്തിലെ ചില കഥകളാണ്, പ്രത്യേകിച്ചും മൂര്‍ഖന്‍ എന്ന കഥയാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
അതീന്ദ്രിയമായ ഒരു ജ്ഞാനം സര്‍ഗസൃഷ്ടിയായി രൂപപ്പെടുകയാണ് എഴുത്തുകാരില്‍ എപ്പോഴും. ‘മൂര്‍ഖന്‍’ എന്ന കഥ എഴുതിയപ്പോഴും കഥാകൃത്തില്‍ അത്തരം ഒരു ജ്ഞാന ഭൂമിക വിടരുകയായിരുന്നു. സാംസ്കാരികവും സാമൂഹികവും പാരിസ്ഥിതികവുമായ ഏതു അപചയത്തിലേക്കും ചിലപ്പോള്‍ ഉന്നമനത്തിലേക്കും ശക്തിധനനായ എഴുത്തുകാരന്റെ മനസ്സുണരാം. ഇനിയും സംഭവിക്കാനിരിക്കുന്ന വിപത്തുകളില്‍ അഗാധ ദുഃഖം പൂണ്ട് അസ്വസ്ഥമാകാം. ഈ സ്വാസ്ഥ്യരാഹിത്യത്തിന്റെ മുറവിളികളും, പിടച്ചിലുകളുമാണ് ‘മൂര്‍ഖന്‍’ എന്ന കഥാസമാഹാരത്തിലെ മിക്കകഥകളും. അപരിചിതയായി പെണ്‍കുട്ടി, വിഷജന്തുക്കള്‍, വാര്‍ദ്ധക്യ കനവുകള്‍, മൂര്‍ഖന്‍ എന്നീ കഥകള്‍ ഒരാവൃത്തി മനസ്സിരുത്തി വായിച്ചാല്‍ മുകളില്‍ പറഞ്ഞ സത്യം ബോധ്യമാകും.
വറ്റുന്ന മനുഷ്യബന്ധങ്ങളും, ആ ബന്ധങ്ങളിലൂടെ തകരുന്ന മനുഷ്യന്റെ തന്നെ ആവാസവ്യവസ്ഥകളും എഴുത്തുകാരന് ആന്തരികമായി ഉള്‍ക്കൊണ്ടതിന്റെ പരിണത ഫലമാണ് ഇതിലെ കഥകള്‍. ‘മൂര്‍ഖന്‍’ എന്ന കഥയാണ് കാലബോധത്തിന്റെ സ്വരൂപമായി നമ്മുടെ മുന്പില് വിരിയുന്നത്. ഇന്ദ്രിയാതീതമായ ചില സൂക്ഷ്മതകളെ ഇന്ദ്രിയവേദ്യമാംവിധം മൂര്ത്തരൂപത്തിലാക്കാന് ആര്‍ക്ക് കഴിയുന്നുവോ ആ വ്യക്തിയാണ് എഴുത്തുകാരന്. ‘മൂര്‍ഖന്‍’ എന്ന കഥയിലൂടെ ചെന്താപ്പൂര് ശരിയായ എഴുത്തുകാരനായി മാറുന്നതും അതുകൊണ്ടാണ്. മൂര്‍ഖന്‍ എന്ന കഥയിലെ സദാനന്ദന് എന്ന കഥാപാത്രത്തിന്റെ ആത്മാംശം പുരുഷകേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥയില്‍ തുടികൊട്ടിനില്ക്കുന്നു. ‘സര്പ്പകകാലവും’ ആ സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
അശാന്തിയില്‍നിന്നും ശാന്തിയിലേക്കുള്ള കഥാകൃത്തിന്റെ തീര്‍ത്ഥയാത്ര തന്നെയാണ് ഓരോ കഥയും. എന്നാല്‍ ആ കഥകള്‍ വായനക്കാരന്റെ മനസ്സില്‍ അശാന്തി നിറയ്ക്കുകയും അയാള്‍ സ്വയം ബോധവാനായി ഇതൊക്കെയാണ് ലോകം എന്നുള്ക്കൊണ്ട് തീര്‍ത്ഥയാത്ര നടത്തുകയും വേണം. അങ്ങനെ ഉള്ളിണങ്ങുകയും അതേസമയം ഒരു ഗൃഹാതുരഭാവത്തോടെ ഉള്ളിളക്കുകയും ചെയ്യുന്ന ഇതിലെ കഥകള്‍ ഭാഷയ്ക്കു ലഭിച്ച ജ്ഞാനപ്രകാശം തന്നെയാണ്. അതിലെ കഥാപാത്രങ്ങളായ അനന്തനിലും പ്രശാന്തനിലും സദാനന്ദനിലും എല്ലാം എഴുത്തുകാരന് കല്‍പ്പിക്കുന്ന അശാന്തിയുണ്ട്. ആധുനിക സംസ്കാരം ഇന്നത്തെ മനുഷ്യന് നല്‍കുന്നത് ആത്മശോഷണമാണെന്ന് കഥാകൃത്ത് വിശ്വസിക്കുന്നു. ആ വിശ്വാസം മൂര്‍ഖനിലെ സദാനന്ദനിലൂടെ നമുക്കു കാണാനാവും.
മൃഗചേതനയില്‍നിന്ന് മനുഷ്യചേതനയിലേക്കുള്ള പരിവര്‍ത്തനം മനുഷ്യനില്‍ ശക്തമാണ്. എന്നാല്‍ മനുഷ്യന് സ്വാര്‍ത്ഥതയ്ക്കുവേണ്ടി ആ മൃഗചേതന പലപ്പോഴും കൈയാളുന്നുവെന്ന് സദാനന്ദന് തെളിയിക്കുന്നു; നമ്മുടെ സമൂഹവും തെളിയിക്കുന്നു. ഇതിലെ മൂര്‍ഖന്‍ അടക്കമുള്ള പല കഥകളും ഇത്തരം ഒരു പുരോയാനം സൂചിപ്പിക്കുന്നു. മാറാന്‍ വിസമ്മതിക്കുന്ന അധികാരസ്ഥമായ ഒരു ന്യൂനപക്ഷം അതിന്റെ പരാജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ പുതിയ വെല്ലുവിളികള്‍ നൂതനമായ സര്‍ഗാത്മക ചോദനകള്‍ക്ക് ജന്മം നല്കുന്നു. മണി ചെന്താപ്പൂരിന്റെ സര്‍ഗാത്മകതയെ ഇങ്ങനെ വിലയിരുത്തുമ്പോഴാണ് ഇതിലെ കഥകള്‍ക്ക് അടിസ്ഥാനപരമായ ആദിപ്പൊടിപ്പുകള് ലഭിക്കുക.
ജീവിതത്തിന്റെയും ജീവികളുടെയും അകം ചിത്രങ്ങള്‍ പ്രകൃതിയുടെ താളത്തില്‍ ഈ കഥകളിലൂടെ കഥാകൃത്ത് സമ്മാനിക്കുന്നുണ്ട്. ജീവിതത്തിന്റെ ചോദനകളെക്കുറിച്ചുള്ള ബൃഹത്തായ ഒരു നീലാകാശവും കഥാകൃത്ത് നമുക്കു തുറന്നുതരുന്നു. അനുസ്യൂതമായ മാനവസംസ്കൃതി എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോകുന്നതിന്റെ ഭീതിയും ഉള്‍ക്കിടിലവും ഈ കഥകള്‍ ഉള്‍ക്കൊള്ളുന്നു. വായനക്കാര്‍ക്ക് സ്വന്തം അസ്തിത്വത്തിലേക്ക് ഒന്നു ഊളിയിട്ടു പോകാനും ഈ കഥകള്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: