സമര്‍ഖണ്ഡ്: ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിനോട് നേരിട്ട് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മോദി-പുടിന് കൂടികാഴ്ചയിലെ സംഭാഷണം പാശ്ചാത്യ മാധ്യമങ്ങളും ഏറ്റെടുത്തു.
‘ഉക്രൈനിലെ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു,’ വാഷിംഗ്ടണ്‍ പോസ്റ്റ് തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘അതിശയകരമായ ഒരു പരസ്യമായ ശാസനയില്‍, മോദി പുടിനോട് പറഞ്ഞു: ‘ഇന്നത്തെ യുഗം യുദ്ധകാലമല്ല, ഇതിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഫോണില്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്’ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം മോദിയുടെ പ്രതികരണത്തോട് പുടിന് പ്രതികരിച്ചത് ഇങ്ങനെയാണ്, ഉക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ചും നിങ്ങള്‍ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും നിങ്ങളുടെ നിലപാട് എനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.
നിര്‍ഭാഗ്യവശാല്‍, എതിര്‍കക്ഷിയായ ഉക്രൈന്റെ നേതൃത്വം, ചര്‍ച്ചയുടെ വഴി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു, ‘യുദ്ധഭൂമിയില്‍’ അവര്‍ പറയുന്നതുപോലെ, സൈനിക മാര്‍ഗങ്ങളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഞങ്ങള്‍ നിങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നുണ്ട്’- പുടിന് പറഞ്ഞു.
ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓര്‍മ്മയുണ്ടെന്ന് പറഞ്ഞ പുടിന് മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു. ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും റഷ്യന്‍ വളത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനയ്ക്കും പുട്ടിന് നന്ദി രേഖപ്പെടുത്തി. എണ്ണ, വാതകം, ആണവ മേഖലകളില്‍ സ്ഥിരമായി പദ്ധതികള്‍ നടപ്പാക്കുമെന്നും പുട്ടിന് വ്യക്തമാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വേഗത്തില്‍ വളരുകയാണെന്നും പുട്ടിന് പറഞ്ഞു.
നമ്മള് ( ഇന്ത്യയും റഷ്യയും ) പതിറ്റാണ്ടുകളായി സുഹൃത്തുക്കളാണ്. നമ്മള് ഒരുമിച്ചാണ്. ലോകത്തിന് നമ്മുടെ ബന്ധം അറിയാം. നമ്മള് എല്ലാ തലത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ നമുക്ക് ഇരുവര്‍ക്കും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: